computer-software-complai

തിരുവനന്തപുരം: ഈ മാസത്തെ ആദ്യ പെൻഷൻ ദിനമായ ഇന്നലെത്തന്നെ ട്രഷറികളിലെ കമ്പ്യൂട്ടറുകൾ പണിമുടക്കിയതോടെ രാവിലെ മുതൽ പെൻഷൻകാർ വല‌ഞ്ഞു. രണ്ടേകാൽ മണിക്കൂറിലധികം സംസ്ഥാനത്തെ മിക്ക ട്രഷറികളും സ്തംഭിച്ചു. പതിനൊന്ന് മണിക്ക് നിലച്ച കമ്പ്യൂട്ടറുകൾ അനങ്ങിയത് ഉച്ചയ്ക്ക് ഒന്നേകാലിന് ശേഷമാണ്. തുടർച്ചയായി നാലാം മാസമാണ് പെൻഷൻ വിതരണ സമയത്ത് കമ്പ്യൂട്ടറുകൾ പണിമുടക്കുന്നത്. പലയിടത്തും ജീവനക്കാർ ഭക്ഷണം പോലും കഴിക്കാതെയാണ് പെൻഷൻ വിതരണം ചെയ്തത്.

പലയിടത്തും പെൻഷൻകാർ ജീവനക്കാരോട് തട്ടിക്കയറി. ചിലർ ജില്ലാ ട്രഷറികളിലേക്കും ട്രഷറി ഡയറക്ടറേറ്രിലേക്കും ഫോൺ ചെയ്തപ്പോൾ നെറ്രില്ലെന്നും ബി.എസ്. എൻ.എല്ലിന്റെ തകരാറാണെന്നുമായിരുന്നു മറുപടി. ബാങ്കുകളിൽ ഉൾപ്പെടെ ബി.എസ്.എൻ.എൽ നെറ്ര് പ്രവർത്തിക്കുമ്പാൾ ട്രഷറികളിൽ മാത്രം എന്താ കുഴപ്പമെന്ന പെൻഷൻകാരുടെ ചോദ്യത്തിന് മറുപടി ഉണ്ടായില്ല.

ജീവനക്കാരുടെ ശമ്പള ബില്ലുകൾ മാറുന്നതും വൈകി. കോടികൾ ചെലവിട്ട് ഐ.എസ്. ഒ 27001 സർട്ടിഫിക്കേഷന് ശ്രമിക്കുമ്പോഴും ട്രഷറികളിലൂടെ ജനങ്ങൾക്ക് മതിയായ സേവനം നിഷേധിക്കുന്നത് അധികൃതർ ഗൗരവത്തോടെ കാണുന്നില്ലെന്നും ജീവനക്കാ‌ർ കുറ്രപ്പെടുത്തുന്നു. ഇന്നും നാളെയും അടുത്തദിവസവും അവധിയായതിനാൽ പെൻഷൻ വിതരണവും താമസിക്കും. അക്കൗണ്ട് നമ്പർ 8ലും 9 ലും അവസാനിക്കുന്നവർക്ക് പെൻഷന് വ്യാഴാഴ്ച വരെ കാത്തിരിക്കണം.