
നെടുമങ്ങാട്: ലോക്ക് ഡൗണിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്ക് ജന്മം നൽകി വീടിനെ വർണ ഗോപുരമാക്കുകയാണ് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരി ആദിത്യ. ജന്മസിദ്ധമായ കരവിരുതും കലാവാസനയുമുപയോഗിച്ച് പാഴ് വസ്തുക്കളിൽ നിർമ്മിച്ച അലാങ്കാര വസ്തുക്കളുടെയും പൂച്ചട്ടികളുടെയും ചുവർ ചിത്രങ്ങളുടെയും പറുദീസയാവുകയാണ് വേങ്കവിളയിലെ വൃന്ദാവനം എന്ന വീട്.
സന്ദർശക മുറിയിലും പഠനമുറികളിലും വിരിയിച്ച വർണാഭമായ ചുവർ ചിത്രങ്ങളും വീടിനെ പ്രദർശന ശാലയാക്കി മാറ്റി. പുഷ്പിച്ചു നിൽക്കുന്ന ചെറു മരങ്ങളും പൂക്കൾക്കൊപ്പം പീലി വിടർത്തി നിൽക്കുന്ന മയിലുമാണ് വരകളിൽ ശ്രദ്ധേയം. കുപ്പികളിൽ അക്രിലിക് പെയിന്റിംഗ് നടത്തി മുകളിൽ വർണങ്ങളിൽ പൂക്കളും, പെൻസിൽ കട്ടിംഗ് വേസ്റ്റുപയോഗിച്ച് പാവകളും രചിച്ചിട്ടുണ്ട്.
പൂച്ചട്ടികളിൽ പെയിന്റിംഗ് ചെയ്ത് വീടിന്റെ പൂമുഖങ്ങളിൽ പ്രദർശിപ്പിച്ചു. വീടിന് ചുറ്റും ചെടികൾ നട്ടുപിടിപ്പിച്ചു. കുഞ്ഞുനാൾ മുതൽ നൃത്തത്തിലും പാട്ടിലും മിടുക്കിയായ ആദിത്യ സ്കൂൾ തലത്തിൽ കഥാപ്രസംഗത്തിൽ കലാപ്രതിഭപട്ടം നേടിയിട്ടുണ്ട്. ചിത്രകാരനും നവോദയ സ്കൂളിലെ അദ്ധ്യാപകനുമായ ഡോ. എ.ആർ. വിനോദിന്റെ ശിക്ഷണത്തിൽ ചുവർ ചിത്രകലയിൽ പരിശീലനം നേടിയിട്ടുണ്ട്. അരുവിക്കര വാട്ടർ അതോറിട്ടി ഓഫീസിൽ കരാർ ജീവനക്കാരൻ ബി.കെ. സുരേഷിന്റെയും ദീപയുടെയും മകളായ ആദിത്യയ്‌ക്ക് ഐ.പി.എസുകാരിയാകണമെന്നാണ് മോഹം.സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റാണ്. അനുജൻ ആദിദേവും വരയിൽ ചേച്ചിയെ സഹായിക്കും.