soorya-festival

തിരുവനന്തപുരം: വർണവേദിയും നേരിട്ടുള്ള ആസ്വാദകരുമില്ലാതെ 43-ാമത് സൂര്യഫെസ്റ്റിവലിന് ഓൺലൈനിൽ തുടക്കമായി. കഴിഞ്ഞ 42 ഫെസ്റ്റിവലിന്റെയും ആദ്യ ഗായകനായ കെ.ജെ.യേശുദാസാണ് ഇത്തവണയും ഫെസ്റ്റിവലിന് തുടക്കമിട്ടത്. ഇന്നലെ വൈകിട്ട് 6.45 ന് യേശുദാസ് ഓൺലൈനിലൂടെ കച്ചേരി അവതരിപ്പിച്ചപ്പോൾ സൂര്യയുടെ യൂട്യൂബിലൂടെ അത് പതിനായിരങ്ങൾ വീക്ഷിച്ചു. ആദ്യമായാണ് സൂര്യ ഫെസ്റ്റിവൽ ഓൺലൈനിൽ നടക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഫെസ്റ്റിവൽ മുടങ്ങാതിരിക്കാൻ 111 ദിവസത്തെ ഫെസ്റ്റ് ഇക്കുറി 11 ദിവസമായി ചുരുക്കിയിരിക്കുകയാണ്. റെക്കാഡ് ചെയ്താണ് കച്ചേരി അവതരിപ്പിച്ചത്. ദൈവത്തെ സ്തുതിച്ചുകൊണ്ട് യേശുദാസ് പറഞ്ഞു ''എല്ലാം ദൈവത്തിൽ അർപ്പിതം. എല്ലാവർക്കും നല്ലത് വരട്ടെ''.

അര മണിക്കൂർ നീണ്ട കച്ചേരിയിൽ യേശുദാസ് സരസ്വതീ ജപനാദമാപാഹി എന്ന വർണവും ഏയ്റാനാപൈ എന്ന വർണവും ആലപിച്ചു. ഇന്ന് മീനാക്ഷി ശ്രീനിവാസന്റെ ഭരതനാട്യമാണ്. വരും ദിവസങ്ങളിൽ മഞ്ജുവാര്യർ, ലക്ഷ്മിഗോപാലസ്വാമി, ദിവ്യാ ഉണ്ണി, ആശാശരത്, പ്രിയദർശിനി ഗോവിന്ദ്, രമാ വൈദ്യനാഥൻ, നീനാപ്രസാദ്, ജാനകി രംഗരാജൻ എന്നിവർ പരിപാടി അവതരിപ്പിക്കും. സമാപന ദിവസം പണ്ഡിറ്റ് ഭീംസെൻ ജോഷിക്കും പണ്ഡിറ്റ് ജസ് രാജിനും പ്രണാമമർപ്പിച്ചുകൊണ്ട് രമേശ് നാരായണൻ പാടും.