rahul

തിരുവനന്തപുരം: ഉത്തർപ്രദേശിലെ ഹത്രാസ് പീഡനം ഞെട്ടിക്കുന്നതാണെന്നും രാജ്യത്തിന് നാണക്കേടാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ബി.ജെ.പി അധികാരത്തിലെത്തിയത് മുതൽ ദളിത് വിഭാഗങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരെയും അതിക്രമം തുടരുകയാണ്. രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരായ യു.പി പൊലീസിന്റെ അതിക്രമം ഭരണകൂട ഭീകരതയാണ്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തിൽ അവർക്ക് കെ.പി.സി.സി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം സംസ്ഥാനത്തൊട്ടാകെ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി എന്നിവരുടെ നേതൃത്വത്തിൽ കെ.പി.സി.സി ആസ്ഥാനത്ത് നിന്നു പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് പ്രകടനം നടത്തി. ഹത്രാസ് പെൺകുട്ടിയുടെ നീതിക്കായി മെഴുകുതിരി തെളിച്ചു.