
കൊല്ലം: നഗരത്തിൽ യുവാക്കളെ ഉപയോഗിച്ച് എം.ഡി.എം.എ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിലെ രണ്ടാം പ്രതിയും പിടിയിലായി. കൊറ്റങ്കര തട്ടാർക്കോണം അൽത്താഫ് മൻസിലിൽ അൽത്താഫിനെയാണ് (അമൽ -26) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 23ന് ആശ്രാമത്ത് എം.ഡി.എം.എയുമായി അറസ്റ്റിലായ ദീപുവിന്റെ സുഹൃത്താണ് ഇയാൾ.അസി. എക്സൈസ് കമ്മിഷണർ ബി. സുരേഷ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ദീപു ഉൾപ്പെടെ നിരവധി പേരുടെ ഫോൺ കോളുകളും ബാങ്ക് അക്കൗണ്ടുകളും കൊറിയർ ഇടപാടുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചാണ് തെളിവുകൾ ശേഖരിച്ചത്. മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായി മാത്രം കഴിഞ്ഞ നാലുമാസത്തിനിടെ മുക്കാൽ കോടി രൂപയുടെ ഇടപാട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തി.മംഗലാപുരം, മുംബയ്, ചെന്നൈ എന്നിവിടങ്ങളിൽ വേരുകളുള്ള ലഹരിമരുന്ന് റാക്കറ്റിലെ ഹോൾസെയിൽ ഡീലറാണ് അൽത്താഫെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലത്തെ സുഹൃത്ത് വഴി ചെന്നൈയിലുള്ള മലയാളിക്ക് പണം അയക്കും. ചെന്നൈയിലുള്ള ആൾ കൊറിയർ വഴി കൊല്ലത്തേയ്ക്ക് അയയ്ക്കുന്ന ലഹരിമരുന്ന് നേരിട്ട് കൊറിയർ ഓഫീസിലെത്തി കൈപ്പറ്റി വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി.മയക്കുമരുന്ന് കൈവശം വയ്ക്കൽ, കടത്തിക്കൊണ്ടുവരൽ, ലഹരിമരുന്നിന് പണം മുടക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളാണ് അൽത്താഫിനെതിരെ ചുമത്തിയിരിക്കുന്നത്. കൊല്ലം അസി.എക്സൈസ് കമ്മിഷണർ ബി. സുരേഷ്, കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ നൗഷാദ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പങ്കാളികളായി യുവതികളും
മയക്കുമരുന്ന് കടത്തിനും വിൽപ്പനയ്ക്കും സാമ്പത്തിക ഇടപാടുകൾക്കും യുവതികളെയും സംഘം ഉപയോഗിച്ചിരുന്നു. കൊല്ലത്തെ ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ നടത്തിയ ഡി.ജെ പാർട്ടിയിൽ പത്തോളം യുവാക്കളും രണ്ട് യുവതികളും പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
വ്യാപാരത്തിന് വാട്ട്സ്ആപ് ഗ്രൂപ്പ്; തീവ്രവാദ ബന്ധമുള്ളവരുണ്ടെന്ന് സംശയം
'മയക്കുമരുന്ന് കച്ചവടക്കാരും ഇടനിലക്കാരും ഉൾപ്പെട്ട 'അമലിക്കയും പിള്ളേരും' എന്നതുൾപ്പെടെ രണ്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനാണ് അൽത്താഫ്. നിരവധി യുവതികളും ഇതിലെ അംഗങ്ങളാണ്. ബംഗളൂരു, മുംബയ്, ഒറീസ, ചെന്നൈ എന്നിവിടങ്ങളിലെയും കേരളത്തിലെയും മയക്കുമരുന്ന് കച്ചവടക്കാരടങ്ങിയതാണ് മറ്റൊരു ഗ്രൂപ്പ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എക്സൈസും പൊലീസും പിടികൂടിയ എല്ലാ മയക്കുമരുന്ന് കേസുകളുടെയും വിവരങ്ങൾ ഈ ഗ്രൂപ്പിലുണ്ട്. ഇന്ത്യയിലെ വൻ ലഹരിമരുന്ന് സംഘങ്ങളും തീവ്രവാദ ബന്ധമുള്ള വ്യക്തികളും ഗ്രൂപ്പിൽ അംഗങ്ങളാണെന്ന സംശയമുണ്ട്. ഇതേപ്പറ്റി അന്വേഷിക്കാൻ എൻ.ഐ.എയുടെ സേവനം തേടുന്നതിനുള്ള നിയമവശങ്ങൾ എക്സൈസ് പരിശോധിക്കുന്നുണ്ട്.