
5 പേരിൽ കൂടുതൽ കൂട്ടം കൂടരുത്
നിയന്ത്രണം 31 വരെ
തിരുവനന്തപുരം : കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവായി. ഒരു സമയം അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. നാളെ രാവിലെ ഒൻപതു മുതൽ 31വരെയാണ് നിയന്ത്രണം. അഞ്ചു പേരിൽ കൂടുതൽ പൊതു ഇടങ്ങളിൽ കൂട്ടം കൂടിയാൽ ക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും.
മരണ, വിവാഹ ചടങ്ങുകൾക്ക് നിലവിലുള്ള ഇളവുകൾ തുടരും. തീവ്ര രോഗബാധിത മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ജില്ലകളിലെ സ്ഥിതി വിലയിരുത്തി ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ മജിസ്ട്രേട്ടുമാർക്ക് ആവശ്യമായ ക്രിമിനൽ നടപടി സ്വീകരിക്കാം. ആവശ്യമെങ്കിൽ 144 ഉൾപ്പെടെ പ്രഖ്യാപിക്കാമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
രോഗികൾ
രണ്ടു ലക്ഷം കടന്നു
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. പ്രതിദിന രോഗികൾ തുടർച്ചയായ രണ്ടാംദിനവും എണ്ണായിരം കടന്നു. ഇന്നലെ 8135 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 204241 പേരാണ് ഇതുവരെ രോഗബാധിതരായത്. 7013 പേർ സമ്പർക്ക രോഗികളാണ്. 730 പേരുടെ ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവർത്തകർ കൂടി രോഗബാധിതരായി. 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. ചികിത്സയിലായിരുന്ന 2828 പേർ രോഗമുക്തരായി. കോഴിക്കോടാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 1072 പേർ. തിരുവനന്തപുരത്ത് 856 പേർക്കാണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,157 സാമ്പിളുകൾ പരിശോധിച്ചു.