
സുൽത്താൻ ബത്തേരി : കർണാടകയിൽ നിന്ന് കടത്തികൊണ്ടുവന്ന് മുത്തങ്ങ വനത്തിൽ ഒളിപ്പിച്ചുവെച്ച ലഹരി ഗുളികൾ എക്‌സൈസ് അധികൃതർ പിടികൂടി. മാരക മയക്കുമരുന്നായ സ്പാസ്‌മോപ്രോക്സി വൺ പ്ലസിന്റെ 308 ഗുളികകളാണ് വനത്തിൽ ഒളിപ്പിച്ചുവെച്ച നിലയിൽ കണ്ടെത്തിയത്.
നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും കണക്കിൽ പെടാത്ത പണവും വ്യാപകമായി കൊവിഡിന്റെ മറവിൽ അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് എത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എക്‌സൈസ് പരിശോധന കർശനമാക്കിയിരുന്നു. എക്‌സൈസിന്റെ കണ്ണ് വെട്ടിച്ച് ചെക്ക് പോസ്റ്റ് മറികടക്കുന്നതിനായി വനത്തിൽ സൂക്ഷിച്ചുവെച്ചതായിരുന്നു ലഹരി ഗുളിക. അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ പതിനൊന്നരയോടുകൂടി നടത്തിയ പരിശോധനയിലാണ് ആർ.ടി.ഒ ചെക്ക് പോസ്റ്റിന് സമീപം വനത്തിൽ കടലാസിൽ പൊതിഞ്ഞ് കവറിലാക്കിയ നിലയിൽ ഗുളികകൾ കണ്ടെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല. ഗുളികകൾ 272 ഗ്രാം തൂക്കം വരും. വെറും അഞ്ച് ഗ്രാം ഗുളിക കൈവശം വെക്കുന്നത് തന്നെ അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ജൂനൈദ്, ഇൻസ്‌പെക്ടർ വി.കെ.മണികണ്ഠൻ, പി.ഒ മാരായ അമൽദേവ്, അജയ്കുമാർ, സി.ഇ.ഒ സി.സുരേഷ് എന്നിവർ ചേർന്നാണ് ലഹരി ഗുളികകൾ പിടിച്ചെടുത്തത്.