
തിരുവനന്തപുരം: 'ഹായ് ഗയ്സ്, ശങ്കരൻ വ്ലോഗിന്റെ പുതിയ എപ്പിസോഡിലേക്കാണ് യാത്ര...' സ്വന്തം യൂട്യൂബ് ചാനലിലൂടെ നിക്കർ കഴുകാൻ പഠിപ്പിച്ച് വൈറലായ നാലാം ക്‌ളാസുകാരൻ ശങ്കരന്റെ ട്രെൻഡിംഗ് വീഡിയോകളുടെ പിന്നാമ്പുറ കഥയിലേക്കാണ് പോകുന്നത്. ചെറിയ കാര്യങ്ങൾ അവതരിപ്പിച്ച് ശങ്കരൻ (നിതിൻ) രണ്ടാഴ്ചയ്ക്കിടെ സമ്പാദിച്ചത് ലക്ഷക്കണക്കിന് പ്രേക്ഷകരെ. യൂട്യൂബിലിട്ട അഞ്ചു വീഡിയോകളും ഹിറ്റായയോടെ ട്രാവൽ വ്ലോഗുകളിലൂടെ പുതുമ നിലനിറുത്താനുള്ള ശ്രമത്തിലാണ് പൂജപ്പുര സ്വദേശിയും വഴുതക്കാട് ശിശുവിഹാർ യു.പി.സ്‌കൂൾ വിദ്യാർത്ഥിയുമായ ഈ കുഞ്ഞു വ്ലോഗർ.
ബന്ധുക്കളും അയൽവാസികളുമായ ചേട്ടന്മാരുടെ ഫോണുകളിൽ യൂ ട്യൂബ് വീഡിയോകൾ സ്ഥിരമായി കണ്ടപ്പോഴാണ് സ്വന്തമായൊന്നു ചെയ്യാൻ മോഹമുദിച്ചത്. വിഷയമാലോചിച്ച് തല പുണ്ണാക്കിയതൊന്നുമില്ല. കഴുകൊനൊരു നിക്കറും സോപ്പുമെടുത്ത് ഇതിലൊരു ചേട്ടനെ സമീപിച്ചു. നിർബന്ധത്തിനു വഴങ്ങി ദൃശ്യം ഫോണിൽ തമാശയ്ക്കാണ് പകർത്തിയതെങ്കിലും ശങ്കരന്റെ കിടിലൻ പെർഫോമൻസ് കണ്ടപ്പോൾ വീഡിയോ പോസ്റ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു.
ആദ്യദിവസങ്ങളിൽ വ്യൂവേഴ്സ് കുറവായിരുന്നെങ്കിലും കേട്ടറിഞ്ഞവർ കൂട്ടത്തോടെയാണ് വീഡിയോ കണ്ടത്. അങ്ങനെ സംഭവം സൂപ്പർഹിറ്റായി. നടൻ കാളിദാസ് ജയറാമും, സംവിധായകൻ ആഷിക് അബുവുമെല്ലാം ശങ്കരന്റെ വീഡിയോകൾ കണ്ട് കമന്റും ഷെയറും ചെയ്തു. മുൻനിര വ്ലോഗർമാർ പലരും ശങ്കരന് പ്രോത്സാഹനവുമായെത്തി. സ്കൂളിലെ കൂട്ടുകാരും അദ്ധ്യാപകരും അഭിനന്ദിച്ചു.
തുടർന്ന് പുറത്തിറക്കിയ നാല് വീഡിയോകളും ഈ ഒൻപതുകാരന്റെ സ്വാഭാവിക പ്രകടനത്തിന്റെ പ്രത്യേകതയിൽ ഹിറ്റായി. തേങ്ങ ചിരകലും ഉണക്കമീൻ ഗ്രില്ലുചെയ്യലും മരച്ചീനി ചുടലുമായിരുന്നു വീഡിയോകൾ. സമീപത്തെ പലചരക്കു കടയിൽ പഞ്ചസാരയും മുറുക്കും വാങ്ങാൻ പോകുന്ന ട്രാവൽ വ്ലോഗ് രണ്ടു ദിവസം മുമ്പും പോസ്റ്റു ചെയ്തു. എല്ലാ വീഡിയോകളിലും സഹായിയായി അനുജത്തി രണ്ടാം ക്ലാസുകാരി നീതുവും ഒപ്പമുണ്ട്.
വീഡിയോ എടുക്കാനും എഡിറ്റ് ചെയ്ത് യു ട്യൂബിൽ അപ്‌ലോഡ് ചെയ്യാനുമെല്ലാം ബന്ധുക്കളായ അനന്ദു, നിർമ്മൽ,നന്ദു എന്നിവർ സഹയിക്കും. സ്ക്രിപ്റ്റ് ഇല്ലാത്ത, ശങ്കരന്റെ സ്വാഭാവിക സംസാരമാണ് വ്ലോഗിന്റെ ഹൈലൈറ്റ്. ഡാൻസിലും പാട്ടിലും മാജിക്കിലും ശങ്കരൻ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സിനിമാഭിനയമാണ് വലിയ ആഗ്രഹം.
പത്തുവർഷമായി വാടക വീടുകൾ മാറി സാമസിക്കുന്ന ശങ്കരന്റെ കുടുംബം പുതിയ വാടകവീട്ടിൽ എത്തിയിട്ട് രണ്ടാഴ്ചയേയായുള്ളൂ. വെൽഡിംഗ് പണിക്കാരനായ ശങ്കരന്റെ അച്ഛൻ കണ്ണനും അമ്മ ബിന്ദുവും മകന്റെ പ്രകടനത്തിന് പിന്തുണയുമായുണ്ട്.