
ആൾ അനിമൽസ് ആർ ഈക്വൽസ്, ബട്ട് സം അനിമൽസ് ആർ മോർ ഈക്വൽസ് എന്ന് ജോർജ് ഓർവെൽ പറഞ്ഞത് പോലെയാണ് സി.ബി.ഐയുടെ കാര്യവും. എല്ലാ ഏജൻസികളും ഒരുപോലെയാണെങ്കിലും സി.ബി.ഐക്ക് കൊമ്പ് രണ്ടെണ്ണം കൂടുതലുണ്ട്.
കൊമ്പ് അഞ്ചെണ്ണം അധികമായുണ്ടായാൽ പോലും പേടിക്കാത്ത മനുഷ്യനാണ് പിണറായി സഖാവ്. ഊരിപ്പിടിച്ച വാളുകൾക്ക് നടുവിലൂടെ നടന്നിട്ടുള്ള മനുഷ്യന് രണ്ട് കൊമ്പൊക്കെ പുല്ലുമാണ്! അതുകൊണ്ട് സഖാവ് ഏത് ഏജൻസിയും വന്ന് ഇവിടെ എല്ലാം അരിച്ചുപെറുക്കിക്കൊള്ളട്ടെ എന്ന് അറുത്തുമുറിച്ച് പറയുകയുണ്ടായി. ഉപ്പു തിന്നവർ വെള്ളം കുടിക്കും, മടിയിൽ കനമുള്ളവനേ വഴിയിൽ ഭയമുള്ളൂ, അടി തെറ്റിയാൽ ആനയും വീഴും, അഴകുള്ള ചക്കയിൽ ചുളയില്ല, അരിയെറിഞ്ഞാൽ ആയിരം കാക്ക എന്നിങ്ങനെയുള്ള പഴഞ്ചൊല്ലുകൾ ഇടയ്ക്കിടയ്ക്ക് ഉരുവിടുന്നതും സഖാവിന്റെ ശീലമാണ്.
എൻ.ഐ.എ അടക്കമുള്ള ഏത് ഏജൻസി വന്നാലും ആദ്യം സഖാവ് അവരുടെ മുഖത്തേക്ക് നോക്കി നാല് പഴഞ്ചൊല്ലുകൾ പറയും. . എന്നിട്ടേ അടുത്ത പരിപാടിയിലേക്ക് കടക്കൂ. പഴഞ്ചൊല്ലിൽ പതിരില്ല എന്ന് വ്യക്തമായും കൃത്യമായും അറിയാവുന്ന എൻ.ഐ.എ പോലുള്ള ഏജൻസികൾ ആദ്യമേ ഞെട്ടിത്തരിച്ചൊന്ന് നിൽക്കുകയും അതിന്റെ പ്രത്യാഘാതത്താലെന്നോണം പിന്നീടങ്ങോട്ട് ഗതികിട്ടാപ്രേതം കണക്കെ അലയുന്നതുമാണ് കണ്ടുവരുന്നതെന്ന് ഡിറ്റക്ടീവുകൾ സാക്ഷ്യപ്പെടുത്തുന്നു.
പക്ഷേ കൊമ്പ് രണ്ടെണ്ണം കൂടുതലുള്ള സി.ബി.ഐ പഴഞ്ചൊല്ലിൽ പതിരില്ല എന്ന് ഇതുവരെ കേട്ടിട്ടില്ലായിരുന്നു. പിണറായി സഖാവിന്റെ പഴഞ്ചൊല്ലുകൾ കേട്ടപ്പോൾ മറ്റെന്തോ ആണെന്ന് സി.ബി.ഐ തെറ്റിദ്ധരിച്ച് പോയോ എന്ന് നിശ്ചയമില്ല. സി.ബി.ഐയുടെ പോക്കിൽ പിണറായി സഖാവ് സംശയിച്ചത് സ്വാഭാവികമാണ്. സി.ബി.ഐയെ പേടിച്ചിട്ടൊന്നുമല്ല.
സി.ബി.ഐക്കാർ എവിടെ ചെന്നാലും കുഴപ്പമുണ്ടാക്കുന്ന വൈതാളികരാണ്. രാജസ്ഥാനിൽ അശോക് ഗഹ്ലോട്ടും പടിഞ്ഞാറൻ ബംഗാളിൽ മമത ബാനർജിയും കടക്ക്, പുറത്ത് എന്ന് സി.ബി.ഐയോട് കല്പിച്ചത് ശല്യക്കാരായത് കൊണ്ടാണ്. പ്രത്യേകിച്ചും അമിത് ഷാജിയണ്ണൻ സ്വിച്ചമർത്തിയാൽ സി.ബി.ഐയുടെ ഓട്ടത്തിന് സ്പീഡ് കൂടുന്ന കാലവുമാണ്. പിണറായി സഖാവിന് ഏത് ശല്യക്കാരനെയും കൈകാര്യം ചെയ്യാനൊക്കെ അറിയാം. അതുകൊണ്ട് കടക്ക് പുറത്ത് എന്ന് കല്പിക്കാൻ അദ്ദേഹം തയാറല്ല. മാദ്ധ്യമവൈതാളികരോട് അദ്ദേഹം കല്പിച്ചത് ശല്യക്കാരായത് കൊണ്ട് മാത്രമല്ലായിരുന്നു. അവരുടെ കൈയിലെ കോല് അസമയത്ത് വന്ന് നീട്ടിപ്പിടിച്ചാൽ ആരായാലും ഞെട്ടിപ്പോവും. അതൊഴിവാക്കാനാണ് അവരോട് കടക്ക് പുറത്തെന്ന് പറഞ്ഞത്. സി.ബി.ഐയോട് അങ്ങനെ കല്പിക്കേണ്ട ആവശ്യമില്ല.
പക്ഷേ, പഴഞ്ചൊല്ല് കേട്ടിട്ടും ഞെട്ടാത്ത സി.ബി.ഐയുടെ പോക്കിൽ സംശയം തോന്നിയതിനാൽ പിണറായി സഖാവ് സംശയനിവൃത്തിക്ക് ചില നിയമോപദേശങ്ങൾ തേടുകയുണ്ടായി. അതനുസരിച്ച് സി.ബി.ഐ ഇപ്പോളെടുത്തിട്ടുള്ള എഫ്.ഐ.ആർ റദ്ദാക്കിപ്പിക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ലൈഫ് മിഷൻ എന്നു കേട്ടാൽ സി.ബി.ഐക്ക് ചോര തിളയ്ക്കുന്നതെന്തിനാണ് എന്നത് സ്വാഭാവികമായ ചോദ്യമാണ്. കണ്ടിട്ടും പഠിക്കാത്ത സി.ബി.ഐ കൊണ്ടിട്ടെങ്കിലും പഠിക്കട്ടെയെന്ന് കരുതിയാണ് ഹൈക്കോടതിയിൽ കേസിനും കുണ്ടാമണ്ടിക്കും ചെന്നിരിക്കുന്നത്.
ഭാ.ജ.പയുടെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനായി അബ്ദുള്ളക്കുട്ടിയെ തിരഞ്ഞെടുത്തു. എന്തേ ഇത്ര വൈകിപ്പോയി? അബ്ദുള്ളക്കുട്ടിയുടെ വിളങ്ങുന്ന ആ മുഖത്തിന് പോലും താമരയുടെ ആകൃതിയാണെന്ന് തിരിച്ചറിയാത്തവരാണ് യഥാർത്ഥത്തിൽ കുറ്റവാളികൾ. ബെറ്റർ ലേറ്റ് ദാൻ നെവർ എന്നായതിനാൽ ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞ വി. മുരളീധർജിയെയും അമിത് ഷാജിയണ്ണനെയും ഇത്തരുണത്തിൽ അഭിനന്ദിക്കുന്നു.
(ഇ-മെയിൽ: dronar.keralakaumudi@gmail.com)