
കൗമുദി ടിവിയിലെ 'അളിയൻസ്" 100 എപ്പിസോഡ് പിന്നിട്ട് മുന്നേറുന്നു
നാട്ടിൻപുറത്തെ കണ്ടു മറന്ന കാഴ്ചകളും സാധാരണ ജീവിതത്തിലെ രസച്ചരടും കോർത്തിണക്കി ഒരു സന്തുഷ്ട കുടുംബം പോലെ 'അളിയൻസ്'. ശക്തമായ കൂട്ടുകെട്ടാണ് അളിയൻസിന്റെ വിജയം. കനകനും ക്ളീറ്റസും തങ്കുവും ലില്ലിയും ഗിരിരാജനും മുത്തും നമ്മുക്ക് കുടുംബാംഗങ്ങൾ. കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അളിയൻസ് സിറ്റുവേഷണൽ കോമഡി ( സിറ്റ് കോം)നിറച്ച് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. നൂറു എപ്പിസോഡു കടന്ന് അളിയൻസ് ഓടിപ്പോവുകയാണ്.
''ടീം വർക്കിന്റെ വിജയമാണിത്. വലിയ ഒരുകൂട്ടായ്മ നൽകുന്ന ശക്തി. ഞങ്ങൾ എല്ലാവരും കൂടി ഇരുന്ന് ആശയങ്ങൾ കണ്ടെത്തും. ലൊക്കേഷനിലിരുന്നു സ്ക്രിപ്ട് വായിക്കും. അപ്പോൾത്തന്നെ നിർദ്ദേശങ്ങൾ ഉണ്ടാകുന്നു. നല്ലത് സ്വീകരിക്കും. ആവർത്തന വിരസത അനുഭവപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് - സംവിധായകൻ രാജേഷ് തലച്ചിറയുടെ വാക്കുകൾ.
കഥാപാത്രങ്ങൾക്ക് ആർഭാട വേഷമില്ല. മേക്കപ്പില്ല. സ്വന്തം വീടിനുള്ളിൽ വീട്ടുകാർ അറിയാതെ കാമറ വച്ചാൽ എങ്ങനെ പെരുമാറും എന്ന രീതിയിലാണ് ചിത്രീകരണം. അതുകൊണ്ടുതന്നെയാണ് കനകനും ലില്ലിയും ക്ളീറ്റസും തങ്കവും നമ്മുടെ സ്വീകരണമുറി വിട്ടുപോകാത്തത്. ''അരമണിക്കൂർ നേരം കൊണ്ടു പറയുന്നത് പരിമിതമായ വിഷയങ്ങൾ. സിങ്ക് സൗണ്ട് ചിത്രീകരണമാണ്. അഞ്ചുമിനിട്ട് സീനും ഒറ്റ ടേക്കിൽ പോകും. രണ്ട് കാമറയുടെ സഹായത്തോടെ ചിത്രീകരണം. താരങ്ങൾ എല്ലാവരും സിങ്ക് സൗണ്ട് സംവിധാനവുമായി ചേർന്നുനിൽക്കുന്നു. അളിയൻസ് ഗ്രൂപ്പും അളിയൻസ് ഫേസ് ബുക്ക് കൂട്ടായ്മയും പങ്കുവയ്ക്കുന്ന ആശയങ്ങളും സ്വീകരിക്കാറുണ്ട്. അഞ്ച് സംസ്ഥാന അവാർഡുകൾ അളിയൻസ് കരസ്ഥമാക്കിയിട്ടുണ്ട് - 'അളിയൻസിന്റെ രസക്കൂട്ടിനു പിന്നിലെ കഥ വെളിപ്പെടുത്തി രാജേഷ് തലച്ചിറ.രാജീവ് കരുമാടിയാണ് മുഖ്യതിരക്കഥാകൃത്ത്. ശ്രീകുമാർ അറയ്ക്കൽ, ഷിഹാബ് കരുനാഗപ്പള്ളി, സുകു കിള്ളിപ്പാലം എന്നിവരും എഴുത്തിൽ സഹായിക്കുന്നു. ഗൃഹാതുരത്വത്തിന്റെ കാഴ്ചയാണ് അളിയൻസ് തരുന്നതെന്ന് പ്രവാസി മലയാളികൾ സാക്ഷ്യപ്പെടുത്തുന്നു. അതാണ് അളിയൻസിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ സീരിയൽ ലൊക്കേഷൻ പോലെ ആർഭാടങ്ങളില്ല. ഒരു സാധാരണ വീടും ചുറ്റുപാടും. ഇന്ന ആളെ ഉദ്ദേശിച്ചല്ലേ ഈ കഥാപാത്രമെന്ന് ചോദ്യം തിരക്കഥ രാജീവ് കരുമാടി ദിവസവും കേൾക്കുന്നു. ഞങ്ങളുടെ കഥാപാത്രം ഇങ്ങനെ ചെയ്യാറില്ലെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. '' ഇത്തരം കഥാപാത്രങ്ങൾ എല്ലായിടത്തുമുണ്ടാവും. അളിയൻസിലെ കഥാപാത്രങ്ങൾ അതുകൊണ്ടാണ് എല്ലാവർക്കും പ്രിയങ്കരമാവുന്നത്". തിരക്കഥാകൃത്ത് രാജീവ് കരുമാടി എഴുത്തിന്റെ വഴി വെളിപ്പെടുത്തി. സ്വന്തം ഭാഷയിലാണ് കഥാപാത്രങ്ങളുടെ സംസാരം. തിരുവനന്തപുരം മുതൽ വള്ളുവനാടൻ ഭാഷ വരെ അളിയൻസിലെ കഥാപാത്രങ്ങളിൽനിന്ന് കേൾക്കാം. സ്വാഭാവികമായ അഭിനയം കാഴ്ചവച്ച് താരങ്ങൾ. കഥ രൂപപ്പെടുമ്പോൾ മുതൽ താരങ്ങൾ എല്ലാവരുമുണ്ട്. അളിയൻസ് വേൾഡ് വൈഡും, അളിയൻസ് ഫാൻസ് വാട്സ് ആപ്പ് ഗ്രൂപ്പും അളിയൻസിനെ കൊണ്ടുനടക്കുകയാണ്. മാനംമുട്ടേ പ്രതീക്ഷയിൽ പ്രേക്ഷകർ.രത്നമ്മായി ആയി അഭിനയിക്കുന്ന സേതു ലക്ഷമിയും കനകന്റെ മക്കളായി അഭിനയിക്കുന്ന ബാലതാരങ്ങൾ സയ്യും നല്ലുവും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മൂലം അളിയൻസ് കുടുംബത്തിൽ എത്തുന്നില്ല. അപ്പോൾ നമുക്ക് അളിയൻസിനെ കാണാം. തിങ്കൾ മുതൽ വ്യാഴം വരെ .സമയം വൈകിട്ട് 7നും.രാത്രി 10നും.യുട്യൂബിലുമുണ്ട് കുടുംബ കാഴ്ചക്കാർ.
കനകൻ വിളി
(അനീഷ് രവി)
നിത്യജീവിതത്തിൽ എങ്ങനെയാണോ, അതാണ് കനകനെന്നാണ് കഥാപാത്രത്തെ കൈയിൽ കിട്ടിയപ്പോൾ തോന്നിയത്. സംസാരം തെറ്റിയാലും കുഴപ്പമില്ല. തിരുത്തി സംസാരിക്കാൻ കഴിയും. സീരിയലിലും സിനിമയിലും ഇതു സാദ്ധ്യമല്ല. 20 വർഷത്തെ അഭിനയജീവിതത്തിൽ ആദ്യമാണിത്. ജീവിതത്തെ അതേപോലെ പകർത്തുന്നു അളിയൻസ്. ലോക് ഡൗൺ കാലത്ത് പുതിയ കാഴ്ചക്കാരെ കിട്ടിയത് ഭാഗ്യമാണ്. ഒരു പ്രോജക്ടിന്റെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നതും ഭാഗ്യമാണ്. കനകനായും മുത്തുരാമനായും മാത്രമല്ല, ചിലപ്പോൾ അയാളുടെ അച്ഛനായി ഞാൻ അഭിനയിക്കുന്നു. അത് വേറിട്ട അനുഭവം. മുൻപ് അങ്ങനെ ഒരു സാഹചര്യം വന്നില്ല. വിമൽ ആർ. മേനോൻ എന്നും കെ. മോഹനകൃഷ്ണൻ എന്നും വിളിച്ചവർ ഇപ്പോൾ കനകൻ എന്നു വിളിക്കുന്നു.
എല്ലാ വീട്ടിലും
ക്ളീറ്റസ്
(റിയാസ് നർമകല)
എല്ലാ കുടുംബത്തിലും എല്ലാ സുഹൃത്ത് വലയത്തിലുമുണ്ട് ക്ളീറ്റസ്. സാഹചര്യം കൊണ്ട് ഉഡായിപ്പ് കാണിക്കും. നിലനില്പിന്റെ രാഷ്ട്രീയമുണ്ട്. എന്നാൽ നന്മ നിറഞ്ഞ കുടുംബസ്നേഹി. ക്ളീറ്റസിനെ പോലുള്ളവരെ അറിയാമെന്ന് പലരും പറഞ്ഞിട്ടുണ്ട്. അത് ക്ളീറ്റസിനോടുള്ള സ്നേഹമാണ്. 'ക്ളീറ്റസ് അളിയാ" എന്നു വിളിക്കുന്നവരുണ്ട്. 'എന്നെ ഒന്നു ശ്രദ്ധിച്ചോണേ" എന്നു ബന്ധുക്കൾ ഭാര്യയോട് പറയാറുണ്ട്. ക്ളീറ്റസ് തന്ന സന്തോഷം വളരെ വലുതാണ്. കഥാപാത്രത്തിന്റെ പേര് പറഞ്ഞുവിളിക്കുന്നതിലാണ് ഏറെ സന്തോഷം.
എന്റെ ഗിരിരാജൻ അമ്മാവൻ
( മണി ഷൊർണൂർ)
വിവാഹം കഴിക്കാത്ത ഗിരിരാജൻ അമ്മാവൻ. ചേച്ചിയും മക്കളുമാണ് ആകെ ബന്ധുക്കൾ. ചേച്ചിയുടെ പഎൺമക്കളും ഭർത്താക്കൻമാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാണ് അമ്മാവൻ വരുന്നത്. അഭിനയ ജീവിതത്തിൽ മികച്ച വേഷമാണ് ഗിരിരാജൻ അമ്മാവൻ. ഷൊർണൂർ കുളപ്പുള്ളിയാണ് നാട്. അറുമുഖൻ എന്നാണ് പേര്. നാട്ടുകാർക്ക് ഞാൻ മണി ആണ്. ഇപ്പോൾ ഗിരിരാജൻ അമ്മാവനും.
തങ്കം ചേച്ചിയേ...
മഞ്ജു സുനിച്ചൻ
കിഴക്കമ്പലം എന്ന ഗ്രാമത്തിൽ പലരിലും ഞാൻ തങ്കത്തിനെ കണ്ടിട്ടുണ്ട്. എന്നോട് ചേർന്നു നിൽക്കുന്ന ആൾ. അമ്മച്ചി നല്ല പെട പെടച്ചിട്ടുണ്ട്. അതേപോലെയാണ് ഞാൻ തങ്കത്തിനെ വഴക്കു പറയുന്നത്.എന്റെ അമ്മച്ചിയിൽ ഞാൻ തങ്കത്തിനെ കണ്ടിട്ടുണ്ട്. കുശുമ്പും നുണപറച്ചിലുമെല്ലാമുണ്ട്. തങ്കം പെട്ടെന്ന് കരയും. ഞാനും പെട്ടെന്ന് കരയുന്ന ആളാണ്. ഞാൻ കണ്ടതും പരിചയപ്പെട്ടതും സ്നേഹിക്കുന്നവരുമെല്ലാം തങ്കത്തിലുണ്ട്. ഒരു ടോപ്പോ, ചുരിദാറോ ഇപ്പോൾ ഇട്ടാൽ തങ്കം ചേച്ചിയെ ഇങ്ങനെ കാണാൻ ഇഷ്ടമല്ലെന്ന് പറയുന്നവരുണ്ട്. നൈറ്റി ധരിച്ച് മുടി ചീകാതെ പൊട്ടുകുത്തി അവർക്ക് പരിചിതമായ പ്രദേശത്ത് ജീവിക്കുന്ന സ്ത്രീയായി എന്നെ കാണാനാണ് ഇഷ്ടം. അത് ഒരു അംഗീകാരമാണ്. ഒരു സിനിമയിൽനിന്ന് ലഭിക്കുന്നതിനേക്കാൾ പ്രശസ്തി തങ്കം തന്നു.
ലില്ലിയെ അറിയാം
സൗമ്യ ഭാഗ്യംപിള്ള
എല്ലാ വീട്ടിലുമുണ്ട് ലില്ലി. കോമഡി സ്കിറ്റ് മാത്രം ചെയ്തുവന്ന എന്നെ അളിയൻസിൽ വിളിച്ചപ്പോൾ അത്ഭുതം തോന്നി. അതിനു മുൻപ് സീരിയൽ അഭിനയമോ ഒന്നുമില്ല. എന്റെ ഭാഗ്യമാണ് അളിയൻസ്. ഭരതനാട്യം എം.എ ചെയ്തു. നൃത്ത പ്രോഗ്രാമിനെയും ക്ളാസിനെയും ബാധിക്കാതെ അളിയൻസ് എന്നെ കൊണ്ടുപോയി. അളിയൻസ് കഴിഞ്ഞാൽ സൗഭാഗ്യ സ്കൂൾ ഒഫ് ഡാൻസിൽ അദ്ധ്യാപികയാവും. പക്രുചേട്ടനും ഹരിശ്രീ അശോകൻ ചേട്ടനും ഷാജോൺ ചേട്ടനും സിനിമ സംവിധാനം ചെയ്തപ്പോൾ വിളിച്ചെങ്കിലും അളിയൻസിനെ വിട്ടുപോകാൻ തോന്നിയില്ല.
വീട്ടിലും മുത്ത്
ബേബി അക്ഷയ
അളിയൻസിലെ മുത്തല്ലേ എന്നു കേൾക്കുമ്പോൾ സന്തോഷം. വീട്ടിലും ഞാൻ മുത്താണ്. എന്റെ ചെല്ലപ്പേരും മുത്ത് എന്നാണ്. മുത്തച്ഛൻ, മുത്തശ്ശി എന്നിവരെയെല്ലാം കിട്ടിയതിന്റെ സന്തോഷമുണ്ട്. മുൻപ് സീരിയൽ ചെയ്തിട്ടുണ്ടെങ്കിലും മുത്താണ് എനിക്ക് പേര് തന്നത്. ചില നേരത്ത് ഞാൻ മുത്തിനെ പോലെയാണ്. മുത്തിന് കുട്ടിത്തം അല്പം കൂടുതലാണ് കേട്ടോ. വട്ടപ്പാറ ലൂർദ്ദ് മൗണ്ട് സ്കൂളിൽ ഒൻപതാം ക്ളാസിൽ പഠിക്കുന്നു. ഇരുന്നൂറ് എപ്പിസോഡ് കടന്ന് അളിയൻസ് പോകട്ടേ. അളിയൻസ് ഫാമിലിയുമായി മുന്നോട്ട് പോവുക രസമാണ്.