
വെഞ്ഞാറമൂട്: നെല്ലനാട് ഗ്രാമപഞ്ചായത്തിലെ കോട്ടുകുന്നം പാടശേഖരത്ത് കൊയ്ത്തുപാട്ടിന്റെ അകമ്പടിയിൽ വിളവെടുപ്പ് നടന്നു. കോട്ടുകുന്നം പാടത്തെ ദിലീപിന്റെ നാല് പറ കണ്ടത്തിലായിരുന്നു കൊയ്ത്ത്. നഗരൂരിൽ നിന്നെത്തിയ പരമ്പരാഗത കൊയ്ത്തുകാരായ ആറ് സ്ത്രീകളടങ്ങുന്ന സംഘമാണ് പാടം കൊയ്തത്.
മുമ്പ് കൊയ്ത്ത് കഴിഞ്ഞ് കറ്റയടിച്ച് പത്ത് പറ അളക്കുമ്പോൾ ഒരുപറ നെല്ലായിരുന്നു കൂലി. ഇപ്പോൾ മൂന്ന് പറയ്‌ക്ക് ഒരു പറ നെല്ല് കൂലിയായി. കൊവിഡ് കാരണം കൂലിപ്പണി കുറഞ്ഞു. തൊഴിലുറപ്പാണ് ആകെയുള്ള വരുമാന മാർഗം. വയലുകൾ കുറഞ്ഞതിനാൽ അപൂർവമായാണ് കൊയ്ത്തു ജോലി കിട്ടുന്നത്. കൊയ്ത്ത് പാട്ടിന്റെ താളത്തിലുള്ള കൊയ്ത്ത് കോട്ടുകുന്നം ഭാഗത്ത് പുതുതലമുറയ്ക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്.