അസ്ഥിരോഗ വൈകല്യ ചികിത്സയിൽ വാഗ്ദാനമായിരുന്ന യുവ ഡോക്ടർ അനൂപ് കൃഷ്ണയുടെ ആത്മഹത്യ ഒരിക്കൽക്കൂടി സമൂഹത്തിനു മുമ്പിൽ ഉയർത്തുന്നത് വലിയ ഒരു ചോദ്യമാണ്. താൻ ശസ്ത്രക്രിയ നടത്തിയ ഏഴുവയസു മാത്രം പ്രായമുള്ള ബാലിക ഹൃദയത്തിന്റെ തകരാർ മൂലം ഉണ്ടായ സങ്കീർണതയിൽ മരണപ്പെട്ട സംഭവത്തിൽ ബന്ധുക്കളും സമൂഹവും വേട്ടയാടാൻ തുടങ്ങിയപ്പോൾ അതു നേരിടാനാവാതെയാണ് മുപ്പത്തേഴുവയസു മാത്രം പ്രായമുണ്ടായിരുന്ന ഡോ. അനൂപ് കൃഷ്ണ കൈഞരമ്പു മുറിച്ചശേഷം കുളിമുറിയിൽ തൂങ്ങിമരിച്ചത്. തീർത്തും വിവേകശൂന്യമായ നടപടിയെന്നു പറയാമെങ്കിലും ഇത്തരത്തിലൊരു സാഹചര്യം സൃഷ്ടിച്ചതിന്റെ പാപഭാരത്തിൽ നിന്ന് സമൂഹത്തിന് എങ്ങനെ മാറിനിൽക്കാനാകും. അസ്ഥിരോഗ ചികിത്സയിലും ജന്മനാ ഉണ്ടാകുന്ന അസ്ഥി തകരാറുകൾക്കും വിദഗ്ദ്ധ ചികിത്സ നൽകി പേരെടുത്ത ഒരു ഡോക്ടർ ഒരിക്കലും താൻ ചികിത്സിക്കുന്ന ഒരു രോഗിയും അപകടത്തിലാകണമെന്ന് ആഗ്രഹിക്കുകയില്ല. മനഃപൂർവം ചികിത്സയിൽ പിഴവു വരുത്തി തനിക്കും സ്വന്തം സ്ഥാപനത്തിനും അവമതി വരുത്താനും തയ്യാറാകില്ല. ചുരുങ്ങിയ കാലത്തിനുള്ളിൽ കൊല്ലം നഗരത്തിൽ ഏറെ ജനശ്രദ്ധ നേടിയ ഒരു ചികിത്സാകേന്ദ്രമായി മാറിയിരുന്നു ഡോ. അനൂപിന്റെ സ്ഥാപനം. സങ്കീർണമായ അസ്ഥിവൈകല്യങ്ങൾ ചികിത്സിച്ചു ഭേദമാക്കുന്നതിൽ പ്രത്യേക നൈപുണ്യവും ഈ യുവ ഡോക്ടറെ അതിവേഗം പ്രശസ്തനാക്കി. അതിനിടയിലാണ് നിർഭാഗ്യകരമായ സംഭവത്തെത്തുടർന്ന് അദ്ദേഹം സ്വന്തം ജീവിതത്തിനു തന്നെ വിരാമമിടുന്നത്.
ചികിത്സാപ്പിഴവുകൊണ്ടും അല്ലാതെയും രോഗികളുടെ ജീവൻ നഷ്ടമാകുന്ന ദുരനുഭവങ്ങൾ എല്ലാ ആതുരാലയങ്ങളിലും ഉണ്ടാകാറുണ്ട്. ഇതിന്റെ പേരിൽ ക്ഷുഭിതരാകുന്ന ബന്ധുക്കളും നാട്ടുകാരും ഡോക്ടറെ കൈയേറ്റം ചെയ്യുന്നതും ആശുപത്രി അടിച്ചുതകർക്കുന്നതുമൊക്കെ നാട്ടിൽ പതിവാണ്. സ്വകാര്യ ആശുപത്രികളാണ് പലപ്പോഴും ഏറെ ജനരോഷം ഏറ്റുവാങ്ങേണ്ടിവരുന്നത്. ആക്രമണങ്ങളിൽ നിന്ന് ആശുപത്രികൾക്കും ഡോക്ടർമാർക്കും സംരക്ഷണം നൽകാനുള്ള നിയമമൊക്കെ ഉണ്ട്. എന്നാൽ ആക്രമിക്കപ്പെട്ടശേഷമാകും എപ്പോഴും നിയമസഹായം ലഭിക്കാനുള്ള വഴി തുറക്കുന്നത്.
ഡോക്ടർമാരും മനുഷ്യരാണെന്നും എത്ര മുൻകരുതലുകളെടുത്താലും അത്യപൂർവമായി പിഴവുകൾ സംഭവിക്കാമെന്നുമുള്ള ബോദ്ധ്യം സമൂഹത്തിന് അവശ്യം ഉണ്ടാകേണ്ടതാണ്. അത്തരമൊരു ബോദ്ധ്യത്തിലേക്ക് സമൂഹം എത്തുമ്പോഴാണ് ആശുപത്രികളും ചികിത്സകരും മനുഷ്യർക്ക് ഏറ്റവും വേണ്ടപ്പെട്ടവരായി മാറുന്നത്. തന്റെ തൊഴിലിൽ ലേശമെങ്കിലും ആത്മാർത്ഥത പുലർത്തുന്ന ഒരു ഭിഷഗ്വരനും താൻ ചികിത്സിക്കുന്ന രോഗി അപകടത്തിലാകണമെന്ന് വിദൂരമായിപ്പോലും ആഗ്രഹിക്കുകയില്ല. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കളും സോഷ്യൽ മീഡിയക്കാരും ചേർന്ന് വേട്ടയാടിയ കൊല്ലത്തെ യുവ ഡോക്ടറുടെ കാര്യമെടുക്കാം. ജന്മനായുള്ള അസ്ഥിവൈകല്യം നേരെയാക്കാനുള്ള ശസ്ത്രക്രിയയ്ക്കാണ് ഏഴുവയസുകാരി വിധേയയായത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകം ഹൃദയസംബന്ധമായ സങ്കീർണതകൾ ഉടലെടുത്തതാണ് മരണ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. ഇതിനായുള്ള ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിലാണ് കുട്ടി മരണപ്പെടുന്നത്. ഇത് തന്റെ അപരാധമായി ഡോക്ടർ കരുതിക്കാണും. മനസിലെ കുറ്റബോധം അധികരിപ്പിക്കാൻ ബാഹ്യ ഇടപെടലുകളും ശക്തമായ കാരണമായിട്ടുണ്ടാകാം. ചികിത്സ വിജയിച്ചാൽ ഡോക്ടർ ഈശ്വരതുല്യൻ; പരാജയപ്പെട്ടാൽ സാമൂഹ്യദ്റോഹി എന്നീ നിലകളിലാകും പലപ്പോഴും വിശേഷണം. ചികിത്സയ്ക്കിടെ അകാലമൃത്യുവിനിരയാകുന്നവരെച്ചൊല്ലി പ്രിയജനങ്ങൾക്കുണ്ടാകുന്ന ദുഃഖവും വേദനയും സമാനതകളില്ലാത്തതു തന്നെയാകും. അപകടപ്പെടുത്താനല്ല, സുഖപ്പെടുത്താൻ മാത്രമാണ് ചികിത്സകൻ ശ്രമിച്ചിട്ടുണ്ടാവുക എന്നു വികാരവിക്ഷുബ്ധതയിൽ ബന്ധുക്കൾ ഓർക്കണമെന്നില്ല. അതിന് എരിവ് പകരാൻ ചുറ്റിലും ധാരാളം ആളുകളും കാണും. പകർച്ചവ്യാധി പോലെ സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം കൂടിയായപ്പോൾ ഇത്തരം സംഭവങ്ങളിൽ ഒരു ഡോക്ടർ നേരിടേണ്ടിവരുന്ന മാനസിക സമ്മർദ്ദങ്ങൾ ചില്ലറയൊന്നുമല്ല. ബഹുഭൂരിപക്ഷം പേരും അതു നേരിടാനുള്ള ത്രാണിയുള്ളവരായിരിക്കും. അർപ്പണബോധവും ഏറെ മനുഷ്യസ്നേഹവും കൈമുതലായുള്ള അനൂപ് കൃഷ്ണയെപ്പോലുള്ള ദുർബല ഹൃദയർക്ക് പിടിച്ചുനിൽക്കാനായെന്നു വരില്ല. ആത്മഹത്യയിലൂടെ സമൂഹത്തിനു നഷ്ടമല്ലാതെ മറ്റൊന്നും ശേഷിപ്പിക്കുന്നില്ലെന്ന് ഓർക്കാതെയാണ് അവർ ഈ വഴി തിരഞ്ഞെടുക്കുന്നത്. ഭാര്യയും കുട്ടിയും മാതാപിതാക്കളുമൊക്കെ എന്തുമാത്രം ഇപ്പോൾ വേദനിക്കുന്നുണ്ടാകും.
സൈബർ 'പോരാളി"കളുടെ ഒളിയുദ്ധത്തിനിടെ ഡോ. അനൂപ് കൃഷ്ണയെപ്പോലെ സമൂഹത്തിനു ഏറ്റവും വേണ്ടപ്പെട്ട എത്രയോ പേർ ഇല്ലാതായിട്ടുണ്ട്. ഇത്തരം ദുഷ്പ്രവണതയിൽ ആറാടി മദിക്കുന്ന ഒരുവിഭാഗം ശരിയായി കാര്യങ്ങൾ ഗ്രഹിക്കാതെയാകും ചാടിവീഴുന്നത്. ഡോ. അനൂപിന്റെ ആശുപത്രിക്കെതിരെ ഒരു പരാതി ഉയരുന്നത് ഇതാദ്യമായിട്ടാണെന്ന യാഥാർത്ഥ്യവും മുന്നിലുണ്ട്.
പൊലീസ് കേസിനും തുടർ നടപടികൾക്കുമൊന്നും കാത്തുനിൽക്കാതെ ഡോ. അനൂപ് സ്വയം കേസ് അവസാനിപ്പിക്കുകയായിരുന്നു. അത്യപൂർവമായി മാത്രമേ ഇത്തരം മനോഗതിയുള്ളവർ സമൂഹത്തിൽ കാണുകയുള്ളൂ. അതേസമയം ചുമതലയിൽ ഗുരുതരമായ വീഴ്ച കാണിച്ചതിന്റെ പേരിൽ സർക്കാർ നടപടിയെടുത്തതിന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നഴ്സുമാരും ഇന്നലെ രണ്ടുമണിക്കൂർ ഒ.പി ബഹിഷ്കരിച്ച് രോഗികളെ കഷ്ടത്തിലാക്കിയത് സംഘടനാ ബലമുള്ളതുകൊണ്ടാണ്. കൊവിഡ് വാർഡിൽ ചികിത്സയിലായിരുന്ന ആളെ ദേഹം മുഴുവൻ പുഴുവരിച്ച നിലയിലാണ് ഡിസ്ചാർജ് ചെയ്തത്. വേറെയും ദുരനുഭവങ്ങൾ ഈ രോഗിക്ക് ആശുപത്രി വാർഡിൽ നേരിടേണ്ടിവന്നു. പരാതികളിൽ വാസ്തവമുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് ഡോക്ടറുൾപ്പെടെ മൂന്നുപേരെ സസ്പെൻഡ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു ഒ.പി ബഹിഷ്കരണം. തങ്ങളുടെ ചികിത്സയിലിരുന്ന രോഗി വേണ്ട പരിചരണം ലഭിക്കാതെ പുഴുവരിച്ചതിൽ ഒ.പി ബഹിഷ്കരണത്തിനു ആഹ്വാനം പുറപ്പെടുവിച്ചവർക്കോ അതിൽ പങ്കെടുത്തവർക്കോ യാതൊരു മനസ്സാക്ഷിക്കുത്തുമില്ല. വീഴ്ച വരുത്തിയവർക്കെതിരെ നടപടി എടുത്തതാണ് കുറ്റമായത്. സംഘടനാബലമുള്ളതിനാൽ സമരം നടത്താം. കഷ്ടപ്പാട് രോഗികൾക്കാണല്ലോ. ചികിത്സാപ്പിഴവിന്റെ പേരിൽ സാമൂഹ്യവിമർശനം നേരിടേണ്ടിവന്ന കൊല്ലത്തെ യുവ ഡോക്ടർ ജീവിതം തന്നെ ഉപേക്ഷിച്ചുപോയെങ്കിൽ ഡ്യൂട്ടിയിലെ വീഴ്ചകൾ മുൻനിറുത്തി നടപടി ഉണ്ടായപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമരം നടത്തി ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ശ്രമിച്ചത്. വിചിത്രമായ വൈരുദ്ധ്യമെന്നല്ലാതെ എന്തുപറയാൻ.