
തിരുവനന്തപുരം: യു.എ.ഇ ദിനാഘോഷത്തിന്റെ ഭാഗമായി ഐ ഫോൺ ലഭിച്ചത് കോടിയേരി ബാലകൃഷ്ണന്റെ മുൻ സ്റ്റാഫംഗവും അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറുമായ എ.പി. രാജീവനുൾപ്പെടെ മൂന്ന് പേർക്കാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ വാങ്ങിയിട്ടില്ല, ഉപയോഗിച്ചിട്ടില്ല. യു.എ.ഇ ദിനാഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ താൻ മടങ്ങുമ്പോഴാണ് സമ്മാനങ്ങൾ നൽകിയത്. നറുക്കെടുപ്പിൽ തന്റെ സ്റ്റാഫംഗം ഹബീബിന് വാച്ച് ലഭിച്ചു.
അഞ്ചിൽ ബാക്കി രണ്ട് ഫോണെവിടെ പോയെന്നതാണ് പ്രധാനം. അത് കണ്ടെത്താനാവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നൽകിയിട്ടുണ്ട്. കോൺസുലേറ്റ് നിർബന്ധിച്ചതിനാലാണ് പരിപാടിയിൽ പങ്കെടുത്തത്. അവിടെ പ്രോട്ടോക്കോൾ ലംഘനമൊന്നുമുണ്ടായതായി തോന്നിയിട്ടില്ല. നറുക്കെടുപ്പിൽ ഫോൺ ലഭിച്ചയാളുടെ പേര് പറയണമെന്നാഗ്രഹിച്ചതല്ല. തന്നെ അനാവശ്യമായി ആക്രമിച്ചതിനാലാണ് പറഞ്ഞത്. അത്തരമൊരു ചടങ്ങിൽ സമ്മാനമായി ഫോൺ വാങ്ങിയത് തെറ്റാണെന്ന് പറയുന്നില്ല. ഒ. രാജഗോപാലും ചടങ്ങിലുണ്ടായിരുന്നു.
.
സമരം നിറുത്തൽ
കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭങ്ങളവസാനിപ്പിച്ചത് യു.ഡി.എഫ് ചെയർമാനെന്ന നിലയിൽ കക്ഷിനേതാക്കളുമായി കൂടിയാലോചിച്ചാണെന്ന് ചെന്നിത്തല പറഞ്ഞു. അതിനായി കുറച്ചുദിവസമായി കക്ഷിനേതാക്കളുമായി ആശയവിനിമയം നടത്തുകയായിരുന്നു. മുഖ്യമന്ത്രി വിളിച്ചപ്പോൾ അതിന്റെയടിസ്ഥാനത്തിലാണ് മറുപടി നൽകിയത്. എന്നുകരുതി സർക്കാരിന്റെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടില്ലെന്നോ പ്രതിഷേധിക്കില്ലെന്നോ അർത്ഥമില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.