pettah

തിരുവനന്തപുരം: അർദ്ധരാത്രിയിൽ പേട്ട പൊലീസ് സ്റ്റേഷനു നേരെ പടക്കമെറിഞ്ഞ് ബൈക്കിൽ കളന്നുകളഞ്ഞ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആനയറ സ്വദേശികളായ നിതീഷ്, കുഞ്ഞുണ്ണി, അനീഷ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇവർക്കെതിരെ സ്‌ഫോടക വസ്‌തു കൈവശം വച്ചതിന് കേസെടുത്തു. 2ന് അർദ്ധരാത്രി 12.50ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ 5 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നേരത്തെ പിടികൂടിയിരുന്നു. പേട്ട ജംഗ്ഷനിൽ നിന്ന് പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ സംഘം ബൈക്ക് തിരിച്ച് പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള കടയുടെ മുന്നിലെത്തി. ബൈക്കിന്റെ പിന്നിലിരുന്നയാൾ പടക്കം സ്റ്റേഷനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. പൊലീസുകാർ ഓടിയെത്തിയപ്പോഴേക്കും സംഘം ബൈക്കിൽ രക്ഷപ്പെട്ടു.

സംഭവം ഇങ്ങനെ

2ന് വൈകിട്ട് പേട്ട ആനയറ ജംഗ്ഷനിൽ മദ്യപിച്ചെത്തിയ സംഘം ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഇവരെ അറസ്റ്റുചെയ്‌ത് പേട്ട പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് കേസെടുത്തിരുന്നു. മദ്യ ലഹരിയിലായ സംഘം പൊലീസുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് ഇവരെ ജാമ്യത്തിൽ വിട്ടു. ഇതിന്റെ വൈരാഗ്യത്തിലാകാം സംഘം ആക്രമണം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. വാഹനാപകടത്തിൽ ഉൾപ്പെട്ട സംഘത്തിലെ മൂന്നുപേരെയാണ് കസ്റ്റഡയിലെടുത്തത്. മറ്റ് പ്രതികളെ കണ്ടെത്താൻ സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പേട്ട പൊലീസ് പറഞ്ഞു.