chennithala

തിരുവനന്തപുരം: ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച സംസ്ഥാന സർക്കാർ സ്വന്തം ഉത്തരവിനെത്തന്നെ ചോദ്യം ചെയ്യുകയാണന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഫ്.സി.ആർ.എ നിയമലംഘനം അന്വേഷിക്കാൻ സി.ബി.ഐക്ക് അനുമതി നൽകി 2017 ജൂൺ 13ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കിയിട്ടുണ്ട്. ഈ ഉത്തരവനുസരിച്ച് വേറെയും കേസുകൾ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. എന്നാലിവിടെ മുഖ്യമന്ത്രിയിലേക്കെത്തുമെന്ന് കണ്ടപ്പോൾ അന്വേഷണം തടയാൻ ശ്രമിക്കുകയാണ്. വൻതുക കൊടുത്ത് ഡൽഹിയിൽ നിന്ന് അഭിഭാഷകനെയെത്തിച്ചത് സ്വന്തം ഉത്തരവിനെ മറികടക്കാനാണ്. അഴിമതിയിൽ പിടി വീഴുമെന്നായപ്പോൾ വാലിന് തീ പിടിച്ചപോലെ കോടതിയിലേക്കോടിയത് അപഹാസ്യമാണ്. ഇനിയും നാണം കെടാതിരിക്കാൻ ഹൈക്കോടതിയിലെ കേസ് പിൻവലിക്കുന്നതാണ് നല്ലത്.

 ഒരാൾക്ക് പോലും ജോലി നൽകിയില്ല

നാലര വർഷത്തിനിടയിൽ ഒരാൾക്ക് പോലും ജോലി നൽകാനാവാത്ത സർക്കാരാണ് 100 ദിവസത്തിനുള്ളിൽ അമ്പതിനായിരം പേർക്ക് തൊഴിൽ നൽകുമെന്ന് പറയുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. നേരത്തെ പ്രഖ്യാപിച്ച നൂറുദിവസ പരിപാടി ചാപിള്ളയായി. പി.എസ്.സി റാങ്ക് പട്ടികയിലുള്ളവർക്ക് പോലും ജോലി നൽകാതെ ആത്മഹത്യ ചെയ്യേണ്ടിവന്ന അനുവെന്ന യുവാവാണ് സർക്കാരിന്റെ മുഖമുദ്ര. പിൻവാതിൽ നിയമനങ്ങളും താത്കാലികക്കാരുടെ സ്ഥിരപ്പെടുത്തലും തകൃതിയാണ്. മുഖ്യമന്ത്രിയുടെ കീഴിലെ ഐ.ടി വകുപ്പിലാണ് പിൻവാതിൽ നിയമനങ്ങളേറെയും. അതേക്കുറിച്ചന്വേഷിക്കാൻ ധനകാര്യ പരിശോധനാവിഭാഗത്തെ ചുമതലപ്പെടുത്തിയെങ്കിലും അവരവിടെ സന്ദർശിച്ചതല്ലാതെ റിപ്പോർട്ട് നൽകിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.