
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായി മാറിയ 90 സ്‌കൂളുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
ഓൺലൈൻ വിദ്യാഭ്യാസ രീതി മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞെന്നും നാടാകെ ഇക്കാര്യത്തിൽ സഹകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയിൽ നിന്ന് 5 കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും അല്ലാതെ 20 കെട്ടിടങ്ങളും പ്ളാൻഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാർഡിന്റെ സഹായത്തിൽ 4 കെട്ടിടങ്ങളും നിർമ്മിച്ചതായി വീഡിയോ കോൺഫറൻസിലെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട, കാസർകോട് (2),കോട്ടയം, എറണാകുളം (3), വയനാട് (4), ഇടുക്കി (5),കൊല്ലം, പാലക്കാട് (6), കോഴിക്കോട് (7) മലപ്പുറം (9) തിരുവനന്തപുരം, ആലപ്പുഴ (10) തൃശൂർ (11) കണ്ണൂർ (12) എന്നിങ്ങനെയാണ് ഓരോ ജില്ലയിലും നിർമ്മിച്ച കെട്ടിടങ്ങളുടെ എണ്ണം.
പണ്ട് പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്നതിനെക്കുറിച്ചായിരുന്നു സമൂഹം ചർച്ച ചെയ്തിരുന്നത്. സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുമ്പോൾ ഇവിടെ പഠിക്കാനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവുണ്ടായി. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ അഞ്ച് ലക്ഷം വിദ്യാർത്ഥികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് വന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യം. ഈ നീക്കത്തിന് തദ്ദേശസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, പൂർവ വിദ്യാർത്ഥികൾ, മറ്റു വ്യക്തികൾ തുടങ്ങി എല്ലാവരുടെയും സഹകരണം ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഡോ. ടി. എം. തോമസ് ഐസക്ക്, ഇ.പി.ജയരാജൻ എന്നിവർ സംസാരിച്ചു.