
വക്കം: പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി കായിക്കരക്കടവ് പാലം. സ്വപ്ന പദ്ധതിക്കായി നാട്ടുകാർ കാത്തിരുന്നത് 60 ആണ്ട്. കഴിഞ്ഞ വർഷമാണ് കായിക്കരക്കടവിൽ പാലം നിർമ്മിക്കാൻ 28 കോടി രൂപ കിഫ്ബി അനുവദിച്ചതായുള്ള സ്ഥലം എം.എൽ.എയുടെ പ്രഖ്യാപനം. പുറമേ അപ്രോച്ച് റോഡിന് അഞ്ചരക്കോടി രൂപ വേറെയും. കായലിനു ഇരുകരകളിലുമുൾപ്പെട്ട വക്കം, അഞ്ചുതെങ്ങ് പഞ്ചായത്തുകളിൽപ്പെട്ട രണ്ടേകാൽ ഏക്കർ ഭൂമി സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുത്ത് വേണം അപ്രോച്ച് റോഡിന്റെ നിർമ്മാണം നടത്താൻ. കായലിന്റെ ഇരു കടവിൽ നിന്നും മാറിയുള്ള അപ്രോച്ച് റോഡിന് സ്വകാര്യ വ്യക്തികളിൽ നിന്നും വസ്തു അനിവാര്യമാണ്. പിന്നെ മണ്ണ് പരിശോധന, ടെൻഡർ ഇവ നടത്തും. അപ്രോച്ച് റോഡിന്റെ പണികൾ ആരംഭിച്ച ശേഷം പാലത്തിന്റെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്.
പാലം ഇല്ലെങ്കിലും മുൻപ് ചങ്ങാടവും, കടത്ത് വള്ളങ്ങളും ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പാണ് ഇത് കൈകാര്യം ചെയ്തിരുന്നത്. ഒരു കാലത്ത് ചെറു വാഹനങ്ങൾ അടക്കം ചങ്ങാടങ്ങളിൽ മറുകരയെത്തിച്ച കാലമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് പൊതു മരാമത്ത് വകുപ്പ് കടത്തിൽ നിന്നും പിൻമാറി. പിന്നെ ഒരു കടത്തുകാരന് ഗ്രാമപഞ്ചായത്ത് ശമ്പളം നൽകി നിയമിച്ചു. പിന്നെ പാലത്തിനായുള്ള നീണ്ട കാത്തിരിപ്പാണ്.