vm

തിരുവനന്തപുരം: കാർഷിക മേഖലയിലെ പരിഷ്കരണങ്ങളെ എതിർക്കുന്ന കോൺഗ്രസും ഇടതുപക്ഷവും കർഷകരെ കബളിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കർഷകരുടെ ജീവൻ വച്ച് പന്താടുന്ന സമരാഭാസം അംഗീകരിക്കില്ല. സ്വയം പര്യാപ്തവും കൂടുതൽ ലാഭം കിട്ടുന്നതുമായ അവസ്ഥയിലേക്ക് കർഷകരെ കൊണ്ടുപോകുന്നവയാണ് ഇപ്പോഴത്തെ പരിഷ്കാരങ്ങളെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കാർഷിക ബില്ലുകൾ കർഷക വിരുദ്ധമാണെന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. കർഷകർക്കൊപ്പമാണോ ഇടനിലക്കാർക്കൊപ്പമാണോ കോൺഗ്രസും ഇടതുപക്ഷവുമെന്ന് അവർ വ്യക്തമാക്കണം. ഇടനിലക്കാരെ ഒഴിവാക്കിയതിനെ എന്തിനാണ് കേരളത്തിൽ ഇരു കൂട്ടരും എതിർക്കുന്നത്. ന്യായ വില കിട്ടേണ്ടത് കർഷകർക്കാണ്. കർഷർക്ക് കൂടുതൽ വരുമാനം ഉറപ്പിക്കുകയാണ് ബിൽ.

രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് 2009-10ൽ അന്നത്തെ കാർഷിക ബഡ്ജറ്ര് 12000 കോടി രൂപയായിരുന്നു. 2010-21ൽ മോദി സർക്കാർ‌ അത് പത്തിരട്ടിയിലധികമാക്കി. വിപണി കൈപ്പിടിയിൽ നിന്ന് നഷ്ടമാകുമോ എന്ന ഭയമാണ് കോൺഗ്രസിന്റെ തെരുവ് നാടകങ്ങൾക്ക് ആധാരം.

2012ൽ കോൺഗ്രസ് കൂടി മുന്നോട്ട് വച്ച ആശയമാണ് പുതിയ പരിഷ്കാരം. നിലവിൽ കാർഷിക ബില്ലുകളുടെ ഭാഗമായല്ല താങ്ങുവിലയുള്ളത്. താങ്ങുവില ഒഴിവാക്കുമെന്നത് കള്ളപ്രചാരണമാണ്. ബിൽ പാസാക്കിയ ഉടനെ ആറ് കാർഷിക വിളകൾക്ക് താങ്ങുവില വർദ്ധിപ്പിച്ചു. പ്രാദേശിക തലത്തിൽ പതിനായിരം കാർഷികോല്പാദന സംഘങ്ങൾ തുടങ്ങാൻ 6850 കോടി രൂപ വകയിരുത്തി.

പുതിയ നിയമം മൂലം പാലക്കാട് മുതലമടയിലെ മാങ്ങാ കർഷകർക്ക് ഡൽഹിയിലെ ഏറ്റവും വലിയ മാങ്ങാ വിപണിയായ ആസാദ്പൂർ മണ്ഡിയിലും തങ്ങളുടെ മാങ്ങ വിൽക്കാം. കർണാടകത്തിൽ കൂടുതൽ വില കിട്ടുന്നതിനാൽ കണ്ണൂർ ജില്ലയിലെ കശുഅണ്ടി കർഷകർ അയൽ സംസ്ഥാനത്തേക്ക് കശുഅണ്ടി കൊണ്ടുപോകുന്നത് ഇനി മുതൽ നിയമവിരുദ്ധമാകില്ലെന്നും മുരളീധരൻ പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും പങ്കെടുത്തു.