
തിരുവനന്തപുരം: സംസ്ഥാനത്ത് നിർമിക്കുന്ന 54 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കിഫ്ബിയിൽ നിന്ന് മൂന്നു കോടി രൂപ വീതം ചെലവഴിച്ച് 34 കെട്ടിടങ്ങളും പ്ളാൻ ഫണ്ടിൽ നിന്ന് 40 കോടി രൂപ ചെലവഴിച്ച് 20 കെട്ടിടങ്ങളുമാണ് നിർമിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാലക്കാട്, കാസർകോട് ജില്ലകളിൽ മൂന്നു വീതവും പത്തനംതിട്ടയിൽ നാലും എറണാകുളത്ത് രണ്ടും മലപ്പുറത്ത് ഏഴും കോഴിക്കോട് ഒൻപതും വയനാട്ടിൽ 17 കെട്ടിടങ്ങളുമാണ് നിർമിക്കുന്നത്.
മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ഇ.പി.ജയരാജൻ, ഡോ.ടി.എം. തോമസ് ഐസക് എന്നിവർ സംസാരിച്ചു.
കേപ്പിന്റെ 4 കോളേജുകൾക്ക് പുതിയ കെട്ടിടം
തിരുവനന്തപുരം: സഹകരണ മേഖലയിലുള്ള 'കേപ്പി'ന്റെ (കോ- ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ)നാല് കോളേജുകളിലെ പുതിയ കെട്ടിട സമുച്ചയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആറന്മുള എൻജിനീയറിംഗ് കോളേജിൽ അക്കാഡമിക് ബ്ലോക്കും,വടകര,കിടങ്ങൂർ,പത്തനാപുരം കോളേജുകളിൽ വനിതാഹോസ്റ്റലുകളുമാണ് നിർമ്മിച്ചത്. ആറന്മുള എൻജിനീയറിംഗ് കോളേജിൽ 18 കോടി രൂപ ചെലവിലാണ് അക്കാഡമിക് ബ്ലോക്കിന്റെ രണ്ടാംഘട്ട നിർമ്മാണം പൂർത്തീകരിച്ചത്.
വടകര,കിടങ്ങൂർ,പത്തനാപുരം കോളേജുകളിൽ വനിതാ ഹോസ്റ്റൽ എന്ന ആവശ്യം നാളുകളായി ഉന്നയിക്കപ്പെടുന്നതാണ്. ഇതു തിരിച്ചറിഞ്ഞാണ് 17 കോടി രൂപ ചിലവിൽ ഇവിടെ വനിതാഹോസ്റ്റലുകൾ നിർമ്മിച്ചത്. 500 വിദ്യാർത്ഥിനികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.