d

തിരുവനന്തപുരം:ഇവിടെ തിരുമലയിലെ 'ദേവാമൃത'ത്തിലിരുന്ന് ഒൻപതാംക്ലാസുകാരി ദേവിക പാടി. ''മായേനി മേരീയേ...'' ആ പാട്ടിപ്പോൾ അങ്ങകലെ ഹിമാചലിൽ പ്രദേശിൽ അലയടിക്കുകയാണ്. ഹിമാചലിലെ ഈ നാടൻപാട്ട് അവിടത്തെ പാട്ടുകാരുടെയും സംഗീതസംവിധായകരുടെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് വൈറലാകുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളെകുറിച്ച് കുട്ടികൾക്ക് അറിവ് പകരാൻ ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് പഠനത്തിന്റെ ഭാഗമായാണ് ദേവിക പാട്ട് പഠിച്ചത്. പാട്ട് നിർദ്ദേശിച്ചത് പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപിക എസ്.ആർ.ദേവിയാണ്. ഹിമാചലിലെ ചമ്പ കേന്ദ്രീയ വിദ്യാലയത്തിൽ ജോലി ചെയ്തിരുന്നപ്പോഴാണ് പാട്ട് ദേവിയുടെ മനസിൽ പതിഞ്ഞത്.

യു-ട്യൂബിൽ പാട്ട് കേട്ട് പഠിച്ച് ദേവിക പാടി. അമ്മ സംഗീത റേക്കോഡ് ചെയ്ത് ടീച്ചറിനു അയച്ചുകൊടുത്തു. ദേവി സ്കൂളിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.

ഹിമാചലിലെ സംഗീത സംവിധായകനും ഗായകനുമായ താക്കൂർ ദാസ് രാഥി ഫേസ്ബുക്കിൽ ഷെയർ ചെയ്തു. അഞ്ച് ലക്ഷത്തോളം പേർ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കണ്ടു. രണ്ടു ദിവസം കൊണ്ട് 5200 പേർ ഷെയർ ചെയ്തു. അഭിനന്ദന കമന്റുകൾ നിറയുകയാണ്.

സ്‌കൂളിലെ വൈസ് പ്രിൻസിപ്പൽ അമിത് ഗുപ്ത ഹിമാചൽ സ്വദേശിയാണ്. അദേഹത്തിനും ഇഷ്ടമായി.

സ്‌കൂൾ അസംബ്ലിയിൽ പാടിക്കാമായിരുന്നു. ഓൺലൈൻ ക്ലാസായതിനാലാണ് സ്‌കൂളിന്റെ എഫ്.ബിയിൽ ഇട്ടതെന്ന് ദേവി പറഞ്ഞു

''ഒരു കുറവും ഇല്ല,​ മനോഹരമായി പാടി. നല്ല ശബ്ദമാണ്. ദേവികയ്‌ക്ക് നല്ലഭാവിയുണ്ടാകും''

--താക്കൂർദാസ് രാഥി,​ സംഗീതജ്ഞൻ,​ ഹിമാചൽ പ്രദേശ്

''ദേവികയെ സ്കൂൾ അനുമോദിക്കും. കേന്ദ്രവിദ്യാഭ്യാസ വകുപ്പിന് പാട്ട് അയച്ചുകൊടുത്തിട്ടുണ്ട്.''

- അജയകുമാർ,​ പ്രിൻസിപ്പൽ,​ കേന്ദ്രീയവിദ്യാലയം,​ പട്ടം

 പാട്ട് പഠിക്കണം
ദേവികയ്‌ക്ക് സംഗീതം ശാസ്ത്രീയമായി പഠിക്കാൻ ആഗ്രഹമുണ്ട്. നല്ല ചിത്രകാരിയുമാണ്. പ്രകൃതിദൃശ്യങ്ങളും അഭിനേതാക്കളെയും പെട്ടെന്ന് വരയ്ക്കും. ഒരനുജനുണ്ട്. ഭരത് കൃഷണ.