
തിരുവനന്തപുരം: വീട്ടമ്മയുടെ ചിത്രം മോർഫ് ചെയ്ത് നഗ്‌ന ചിത്രമാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് യുവതിയുടെ അടുത്ത ബന്ധുവായ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെന്റൽ വിഭാഗം ഡോക്ടറും സീരിയൽ നടനുമടക്കം മൂന്നു പേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ഡോ.സുബു(40), സീരിയൽ നടൻ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജാസ്മീർ ഖാൻ (36), നെടുമങ്ങാട്ട് മൊബൈൽ കട നടത്തുന്ന വേങ്കവിള സ്വദേശി ശ്രീജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. വർക്കല സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്.
യുവതിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് ഡോ.സുബു. ഇയാളാണ് ഒന്നാം പ്രതി. യുവതിയുടെ പടം ഇയാൾ മോർഫ് ചെയ്യാനായി സുഹൃത്തും രണ്ടാം പ്രതിയുമായ ജാസ്മീർ ഖാന് നൽകി. ഇയാളുടെ സുഹൃത്താണ് മൂന്നാം പ്രതി ശ്രീജിത്ത്. മൊബൈൽ കടയിൽ പുതിയ സിം എടുക്കാനെത്തിയ വട്ടപ്പാറ സ്വദേശിയുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ശ്രീജിത്ത് പുതിയ സിം എടുത്തു. അതിലൂടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഭർത്താവിന്റെയും ബന്ധുക്കളുടെയും വാട്‌സാപ്പ് നമ്പരുകളിലേക്ക് അയച്ച് ഭീഷണിപ്പെടുത്തി.
മൊബൈൽ ഫോൺ കമ്പനിയുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെയാണ് ശ്രീജിത്തിനെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു പേരെ അറസ്റ്റ് ചെയ്തത്. യുവതിയുടെ ദാമ്പത്യബന്ധം തകർക്കാനാണ് സുബു ഈ ക്രൂരത കാട്ടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകാനും മൊഴി നൽകാനുമെല്ലാം വീട്ടമ്മയോടൊപ്പം എത്തിയതും സുബുവായിരുന്നു.
അതിനിടെ ജാസ്മീർ ഖാനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ സജ്നയും രംഗത്തെത്തി. തന്നോട് പിണങ്ങി മറ്റൊരു സ്ത്രീയോടൊപ്പം കഴിയുന്ന ഇയാളിൽ നിന്നു വിവാഹ മോചനം നേടാൻ ആറ്റിങ്ങൽ കോടതിയിൽ കേസ് നടക്കുന്നുണ്ടെന്ന് ഫോർട്ട് സ്റ്റേഷനിൽ വച്ച് സജ്ന മാദ്ധ്യമങ്ങളോട് പറഞ്ഞു.
നെടുമങ്ങാട് ഓപ്റ്റിക്കൽസ് കട നടത്തുന്ന ജാസ്മീർഖാൻ ഏതാനും സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ഇയാൾ സീരിയലുകൾക്ക് പണം മുടക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.