keniyilaya-karadi

കല്ലമ്പലം: ഒന്നര മാസത്തോളമായി കൊല്ലം ശീമാട്ടി,​ പള്ളിക്കൽ എന്നിവിടങ്ങളിലായി നാട്ടുകാരെ ഭീതിയിലാക്കിയ പെൺകരടിയെ വനംവകുപ്പ് പിടികൂടി. പള്ളിക്കൽ പലവക്കോട് കെട്ടിടംമുക്ക് കരിക്കകം റബർ തോട്ടത്തിൽ വനം വകുപ്പ് അധികൃതർ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്നിലാണ് വെള്ളിയാഴ്ച പുലർച്ചെ 4ഓടെ കരടി കുടുങ്ങിയത്. വ്യാഴാഴ്ച വൈകിട്ടാണ് കൊല്ലം ശീമാട്ടിയിൽ സ്ഥാപിച്ചിരുന്ന കൂട് വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ എത്തിച്ചത്. തുടർന്ന് കരടിയെ ആകർഷിക്കാനായി തേൻകൂടും ഒരുക്കിവച്ചു. തേൻ ഭക്ഷിക്കാൻ കരടി അകത്ത് പ്രവേശിച്ചതോടെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ കൂട് അടയുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പള്ളിക്കൽ പൊലീസാണ് ആദ്യം സ്ഥലത്തെത്തിയത്. ഇതിനിടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ കരടിയെ പിടികൂടിയ വിവരമറിഞ്ഞ് ധാരാളം ആളുകൾ തടിച്ചുകൂടി. തിരക്ക് കൂടിയതോടെ കല്ലമ്പലം പൊലീസും സ്ഥലത്തെത്തി. സാമൂഹ്യ അകലം പാലിക്കാതെ വന്നതോടെ കണ്ടാലറിയാവുന്ന 25ഓളം പേർക്കെതിരെ കേസെടുത്തു. പാലോട് റെയ്ഞ്ച് ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബാബു, അനിൽ ചന്ദ്രൻ, പി.ബി. അജിത്ത് തുടങ്ങിയവർ സ്ഥലത്തെത്തി കരടിയെ കൊണ്ടുപോയി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശപ്രകാരം അച്ചൻകോവിൽ ഉൾവനത്തിൽ സ്വാഭാവിക ആവാസത്തിൽ കരടിയെ സുരക്ഷിതമായി തുറന്നുവിട്ടു. കരടിക്ക് 12 വയസ് പ്രായമുണ്ട്. ഒന്നരമാസത്തോളം നാട്ടിൽ ചുറ്റിത്തിരിഞ്ഞിട്ടും ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു.