തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലിരുന്നയാളെ പുഴുവരിച്ച സംഭവത്തിൽ നോഡൽ ഓഫീസർ ഡോ.അരുണയെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി കൊവിഡ് ഏകോപന ചുമതലയുള്ള സർക്കാർ ഡോക്ടർമാർ. വിവിധ മെഡിക്കൽ കോളേജുകളിൽ നോഡൽ ഓഫീസർമാർ കൂട്ടത്തോടെ രാജിവയ്ക്കാൻ തുടങ്ങി.
രാജിക്കത്ത് ഇ-മെയിലായി പ്രിൻസിപ്പൽമാർക്കാണ് നൽകിയത്. തിരുവനന്തപുരത്തെ അസിസ്റ്രന്റ് നോഡൽ ഓഫീസറും എസ്.എ.ടി, എറണാകുളം മെഡിക്കൽകോളേജ് എന്നിവിടങ്ങളിലെ നോഡൽ ഓഫീസർമാരും രാജിവച്ചു. ഇന്ന് മറ്റ് നോഡൽ ഓഫീസർമാരും രാജിക്കത്ത് നൽകുമെന്നാണറിയുന്നത്.
ഡോ.അരുണയ്ക്ക് പകരം നോഡൽ ഓഫീസറായി നിയോഗിച്ച ഡോ.ശ്രീകണ്‌ഠൻ ചുമതലയേൽക്കാൻ വിസമ്മതം അറിയിച്ചു. മറ്റിടങ്ങളിലും സമാനമായ സ്ഥിതിയാണ്. ഡോക്ടർമാരുടെ പ്രതിഷേധം വരും ദിവസങ്ങളിൽ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. നോഡൽ ഓഫീസർമാരുടെ ചുമതല സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്ന അഡ്‌മിനിസ്ട്രേഷൻ വിഭാഗത്തുലുള്ളവർക്ക് നൽകി സർക്കാർ പ്രതിരോധിക്കാനാണ് സാദ്ധ്യത.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥിതി സങ്കീർണമാണ്. ഇന്നലെ രാവിലെ മുതൽ ആശുപത്രിക്ക് മുന്നിൽ ഡോക്ടർമാർ 48 മണിക്കൂർ റിലേ സത്യാഗ്രഹം നടത്തുകയാണ്. നാളെ രാവിലെ എട്ടു മണിയോടെ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കൊവിഡ് ഇതര ചികിത്സയിൽ നിന്നു വിട്ടു നിൽക്കേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ നിലപാട്. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ വിവിധ സംഘടനകൾ, പി.ജി ഡോക്ടർമാർ, ഹൗസ് സർജൻസ് എന്നിവർ സംയുക്തമായാണ് സമരം നടത്തുന്നത്.
നോഡൽ ഓഫീസർ അരുണയ്ക്കൊപ്പം സസ്‌പെൻഡ് ചെയ്ത ഹെഡ് നഴ്സുമായ ലീന കുഞ്ചൻ, രഞ്ജിനി എന്നിവർക്കെതിരെ നടപടി എടുത്തതിൽ പ്രതിഷേധിച്ച് നഴ്സുമാരുടെ സംഘടനയും രംഗത്തുണ്ട്. രോഗിയെ പുഴുവരിച്ച സംഭവത്തിൽ യഥാർത്ഥ കാരണം കണ്ടെത്താതെയുള്ള നടപടിയാണ് സ്വീകരിച്ചതെന്നാണ് ഡോക്ടർമാരുടെ ആരോപണം.
അതേസമയം കൊവിഡിനെ പ്രതിരോധിക്കാൻ ചുമതലപ്പെട്ട നോഡൽ ഓഫീസർമാർ തന്നെ രാജിവച്ചത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന ആരോപണമുയർന്നിട്ടുണ്ട്. നോഡൽ ഓഫീസർ സ്ഥാനം രാജിവച്ചിട്ട് ജോലിയിൽ തുടരുന്നത് രോഗികളോടുള്ള വെല്ലുവിളിയാണെന്ന ആരോപണവും ശക്തമാണ്.
'മാതൃകാപരമായി പ്രവർത്തിക്കുന്ന ഡോക്ടറെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. രാപ്പകലില്ലാതെ പണിയെടുക്കുന്നവരെ ഇത്തരത്തിൽ അപമാനിക്കരുത്.'
- ഡോ.ദിലീപ്, യൂണിറ്റ് സെക്രട്ടറി,
കെ.ജി.എം.സി.ടി.എ
'പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തളർത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണം. സസ്‌പെൻഷൻ പിൻവലിക്കണം. '
- ഡോ.സുൻജിത് രവി,വക്താവ്,
ഗവ.സ്‌പെഷ്യലിസ്റ്ര് ഡോക്ടേഴ്സ് അസോ.
50 ഡോക്ടർമാർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ നിരോധനാജ്ഞ ലംഘിച്ചു സമരം നടത്തിയ 50 ഡോക്ടർമാർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് നടപടി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ നോഡൽ ഓഫീസർ ഡോ.അരുണ, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ , രജനി കെ.വി എന്നിവരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ സമരം നടത്തിയത്.
സസ്‌പെൻഷൻ പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് കെ.ജി.എം.സി.ടി.എ
മുന്നറിയിപ്പ് നൽകി. ജീവനക്കാരുടെ കുറവ് നികത്താൻ നടപടി എടുക്കാത്ത സർക്കാരാണ് ഇത്തരം സംഭവങ്ങൾക്ക് ഉത്തരവാദിയെന്നും ഡോക്ടർമാർ പറഞ്ഞു.
നിലപാടിൽ ഉറച്ച് മന്ത്രി,
വഴങ്ങാതെ ഡോക്ടർമാർ
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമരം ചെയ്യുന്ന തങ്ങളുടെ പരാതി പരിഹരിക്കാനായി ചേർന്ന യോഗത്തിൽ മുൻവിധിയോടെയുള്ള നിലപാടാണ് മന്ത്രി കെ.കെ.ശൈലജ സ്വീകരിച്ചതെന്ന് ഡോക്ടർമാർ ആരോപിക്കുന്നു.
രോഗിയെ പുഴുവരിച്ച സംഭവത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നഴ്സുമാരെയും സസ്‌പെൻഡ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ മെഡിക്കൽ കോളേജിൽ ഡോക്ടർമാരും നഴ്സുമാരും സംഘടിച്ചു. ധർണയും പ്രകടനവും നടത്തു. തുടർന്ന് മന്ത്രി സംഘടനാ പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചു. രാത്രി 8ന് ഓൺലൈനായി ആരംഭിച്ച ചർച്ചയിൽ ഇടത്,വലത്,ബി.ജെ.പി അനുകൂല സംഘടനകളിലെ പ്രതിനിധികൾ പങ്കെടുത്തു.
മൂന്നുമാസത്തിലേറെയായി തുടർച്ചയായി പണിയെടുക്കുന്ന ഡോക്ടർ അരുണയ്ക്കെതിരെയായ നടപടി പിൻവലിക്കണമെന്ന് എല്ലാവരും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകരെ പുകഴ്ത്തിയെങ്കിലും നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ മന്ത്രി തയ്യാറായില്ല. രാത്രി പത്തുമണിയോടെ ചർച്ച അവസാനിച്ചു. തുടർന്നാണ് ഇന്നലെ റിലേ സത്യാഗ്രഹം തുടങ്ങിയത്.
പരസഹായമില്ലാത്ത രോഗിയെ പരിചരിക്കാൻ പ്രത്യേകമായി ജീവനക്കാരെയോ ബന്ധുക്കളെയോ നിയോഗിക്കാതിരുന്നതാണ് മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിക്കാൻ ഇടയാക്കിയതെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. വീഴ്ചയിൽ നട്ടെല്ലിന് ക്ഷതമേറ്റാണ് ആഗസ്റ്റ് 21ന് വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെ മെഡിക്കൽ കോളേജ് ന്യൂറോ ഐ.സിയുവിൽ പ്രവേശിപ്പിച്ചത്. 24ന് ശേഷം ഐ.സിയുവിൽ നിന്നു മാറ്റി. വാർഡിൽ കഴിഞ്ഞിരുന്ന അനിൽകുമാറിന് ആറാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അനങ്ങാൻ കഴിയാതെ കൊവിഡ് വാർഡിൽ കിടക്കുന്ന രോഗികളുടെ ശരീരം രാവിലെയും വൈകിട്ടും വൃത്തിയാക്കാനും ഭക്ഷണം നൽകുന്നതിനുമായി മാനദണ്ഡപ്രകാരം ബന്ധുക്കളെ അനുവദിക്കുന്നതിന് പകരം എല്ലാം ഡോക്ടർമാരുടെയും നഴ്സുമാരുടെയും തലയിൽ കെട്ടിവയ്ക്കുന്നുവെന്നാണ് ആക്ഷേപം.