തിരുവനന്തപുരം: യു.ഡി.എഫ് കൺവീനറായി എം.എം. ഹസ്സൻ ചുമതലയേറ്റു. കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഹസ്സനെ കൺവീനറായി പ്രഖ്യാപിച്ചത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടിയെയും സന്ദർശിച്ച ശേഷമാണ് ഔദ്യോഗിക പ്രവർത്തനത്തിലേക്ക് ഹസ്സൻ പ്രവേശിച്ചത്.
കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗവുമായി ഇനി ചർച്ചയില്ലെന്ന് ചുമതലയേറ്റശേഷം അദ്ദേഹം ദൃശ്യമാദ്ധ്യമങ്ങളോട് പ്രതികരിച്ചു. മുന്നണിയിൽ മടങ്ങി വരണോയെന്ന് തീരുമാനിക്കേണ്ടത് അവരാണ്. യു.ഡി.എഫ് വിപുലീകരണം തത്കാലം ഉദ്ദേശിക്കുന്നില്ല. എൻ.സി.പി യു.ഡി.എഫിലേക്ക് വരാനാഗ്രഹം പ്രകടിപ്പിച്ചാൽ അപ്പോൾ ആലോചിക്കാം.
കോൺഗ്രസിൽ പൊട്ടിത്തെറിയില്ല. ബെന്നി ബെഹനാന്റെ രാജി ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒരാൾക്ക് ഒരു പദവി നിർദ്ദേശം വച്ചത് ഉമ്മൻചാണ്ടിയാണ്. എ ഗ്രൂപ്പിലോ പാർട്ടിയിലോ പൊട്ടിത്തെറിയില്ല. കെ. മുരളീധരന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. ആൾക്കൂട്ട സമരങ്ങളില്ലെന്നത് എല്ലാവരുമായും ചർച്ച ചെയ്തെടുത്ത തീരുമാനമാണ്. അടിയന്തരകാര്യങ്ങൾ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ചേർന്നാണ് തീരുമാനിക്കുന്നതെന്നും ഹസ്സൻ പറഞ്ഞു.
കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവർത്തനമാരംഭിച്ച ഹസ്സൻ കേരള സർവകലാശാലാ യൂണിയൻ ചെയർമാനും സെനറ്റംഗവുമായിരുന്നു. 1980ൽ കഴക്കൂട്ടം നിയോജകമണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 82, 87, 2001 വർഷങ്ങളിലും എം.എൽ.എ ആയ ഹസ്സൻ എ.കെ.ആന്റണി മന്ത്രിസഭയിലും അംഗമായി. പ്രവാസികാര്യങ്ങൾക്കായുള്ള നോർക്ക സംവിധാനം മന്ത്രിയെന്ന നിലയിലെ ഹസ്സന്റെ ശ്രദ്ധേയ ചുവടുവയ്പായിരുന്നു. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി വൈസ് പ്രസിഡന്റും ഔദ്യോഗികവക്താവുമായി. കെ.പി.സി.സി വൈസ് പ്രസിഡന്റായിരിക്കെ 2017ൽ പ്രസിഡന്റായി. സാമൂഹ്യവനിതാ കൂട്ടായ്മയായ ജനശ്രീയുടെ സ്ഥാപകനും ചെയർമാനും ജയ്‌ഹിന്ദ് ടി.വി മാനേജിംഗ് ഡയറക്ടറുമാണ്.