
വെള്ളറട: മുഖത്തെ മാസ്കിൽ കൈ തൊടരുത്, മുന്നറിയിപ്പ് സംവിധാനവുമായി ആറാം ക്ലാസ് വിദ്യാർത്ഥിനി. മാസ്‌കിൽ കൈ തൊടാൻ ശ്രമിച്ചാൽ ശബ്ദം മുഴക്കി ലൈറ്റ് തെളിയുന്ന വാർണിംഗ് മാസ്‌കാണ് ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി അനുഗ്രഹ നിർമ്മിച്ചിരിക്കുന്നത്. ധരിച്ചിരിക്കുന്ന മാസ്കിൽ കൈ തൊടുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെപ്പറ്റി ആരോഗ്യപ്രവർത്തകയായ അമ്മ അനുഗ്രഹയോട് പറഞ്ഞത് മുതലാണ് അറിയാതെ പോലും മുഖത്ത് ധരിച്ചിരിക്കുന്ന മാസ്കിൽ തൊടാതിരിക്കാനുള്ള വിദ്യയെപ്പറ്റി ആ കുഞ്ഞുമനസ് ആലോചിച്ചത്. അങ്ങനെയാണ് വാർണിംഗ് മാസ്ക്കെന്ന ആശയമുദിച്ചത്. മാതാവ് ഷീജയുടെ സഹായത്തോടെ വീട്ടിലിരുന്ന് നിർമ്മിച്ച വാർണിംഗ് മാസ്കിനെക്കുറിച്ച് സ്ക്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ കോ ഓർഡിനേറ്ററും അദ്ധ്യാപകനുമായ സൗദീഷ് തമ്പി അറിയുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഗാന്ധിജയന്തി ദിനത്തിൽ എസ്.പി.സി യൂണിറ്റ് സ്കൂളിൽ സംഘടിപ്പിച്ച ഗാന്ധി സന്ദേശ സംഗമത്തിൽ വാർണിംഗ് മാസ്കുകളുമായി അനുഗ്രഹ എത്തുകയും ചെയ്തു. ഹോമിയോപ്പതി ജില്ലാ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ പ്രദീപ് മാസ്കുകൾ അനുഗ്രഹയിൽനിന്ന് ഏറ്റുവാങ്ങി. പൊലീസുകാർക്ക് പരിചയപ്പെടുത്തുന്നതിനായി മാരായമുട്ടം സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിന് അനുഗ്രഹ മാസ്ക് കൈമാറി. ജനപ്രതിനിധികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുണും ബ്ലോക്ക് പഞ്ചായത്തംഗം പാലിയോട് ശ്രീകണ്ഠനും മാസ്ക് ഏറ്റുവാങ്ങി. യോഗത്തിൽ ഹെഡ്മിസ്ട്രസ് ഷാഹുബനാത്ത്, ധർമ്മ ദാസ് തുടങ്ങിയവർ പങ്കെടുത്തു.