kodiyeri

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ പ്രതികരണങ്ങൾ യു.ഡി.എഫ് സമരങ്ങളെ പരസ്യമായി തള്ളിപ്പറയുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോഴുണ്ടായ പരിഭ്രാന്തിയിലാകാം ചില സത്യങ്ങൾ തുറന്നു പറയാനദ്ദേഹം നിർബന്ധിതനായത്.
യു.എ.ഇ കോൺസുലേറ്റിൽ ലക്കി ഡ്രോയിൽ പങ്കെടുത്ത ചെന്നിത്തല പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന കാര്യം കഴിഞ്ഞദിവസം താൻ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു പ്രോട്ടോക്കോളും ലംഘിച്ചില്ലെന്നാണ് അതിന് അദ്ദേഹം വെല്ലുവിളി പോലെ മറുപടി പറഞ്ഞത്. തനിക്കിതൊന്നുമറിയില്ലായിരുന്നുവെന്ന മുൻ ആഭ്യന്തരമന്ത്രിയുടെ പരസ്യപ്രസ്താവന പരിഹാസ്യമാണ്. പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റം കൂടി ചെയ്തുവെന്നാണിപ്പോൾ ചെന്നിത്തല പ്രഖ്യാപിച്ചത്. കോൺസുലേറ്റിൽ നിന്ന് തന്നത് വിതരണം ചെയ്തതേയുള്ളൂവെന്ന ന്യായീകരണം പറഞ്ഞ ചെന്നിത്തല ജലീലിനെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറയണം. പേഴ്സണൽ സ്റ്റാഫിന് പാരിതോഷികം ലഭിച്ചെന്ന് സമ്മതിക്കേണ്ടിവന്ന ചെന്നിത്തല ന്യായീകരണമായി പറഞ്ഞത് 2011ൽ എന്റെ സ്റ്റാഫിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥനും സമ്മാനം കിട്ടിയെന്നാണ്. കൊവിഡ് ജാഗ്രത തകർക്കുന്നതിനും രോഗം വ്യാപിപ്പിക്കുന്നതിനുമായി സമരാഭാസം നടത്തിയ പ്രതിപക്ഷനേതാവിനെതിരെ നിയമനടപടിയെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.