lockdown

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ സുരക്ഷാ നടപടിയെന്ന നിലയിൽ അഞ്ചിലധികം പേർ ഒത്തുകൂടുന്നത് 14 ജില്ലകളിലും വിലക്കിയത് സാധാരണക്കാരെ ദുരിതത്തിലാഴ്ത്തി. ചന്തകൾ പ്രവർത്തിക്കുമെന്നും വാഹന ഗതാഗതത്തിന് പ്രശ്നമില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും തുറന്ന കടകളിൽ ആളെത്താത്തത് വ്യാപാരികളെ ബുദ്ധിമുട്ടിച്ചു.

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ബസ് ഓടിയില്ല. ഓടിയ ബസുകളിൽ ആളുകൾ തീരെ കുറവായിരുന്നു. കൂലിപ്പണി ചെയ്തു ഉപജീവനം കഴിക്കുന്നവരും ബുദ്ധിമുട്ടി. 31ന് അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ.

തിരുവനന്തപുരം നഗരത്തിൽ ചാലക്കമ്പോളത്തിലും പാളയം മാർക്കറ്റിലും തിരക്ക് വളരെ കുറവായിരുന്നു. വാണിജ്യ തലസ്ഥാനമായ കൊച്ചിയിലെ വ്യാപാര വാണിജ്യ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ബ്രോഡ് വേയിൽ നിരവധി കടകൾ അടഞ്ഞുകിടന്നു. തുറന്ന സ്ഥലങ്ങളിൽ വ്യാപാരം കുറവായിരുന്നു.

എല്ലായിടത്തും പൊലീസ് സുരക്ഷ കർശനമാക്കി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു. ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകി.

വിലക്ക് ലംഘിച്ചാൽ കർശന നടപടിക്ക് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഉടനടി നടപടി വേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം. കടകളിൽ എത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്താൻ പൊലീസ് പരിശോധന നടത്തും.

നിയന്ത്രണങ്ങൾ

 ബാങ്കുകൾ, കടകൾ എന്നിവയ്ക്കു മുമ്പിൽ ഒരേസമയം അഞ്ചു പേരിൽ കൂടുതൽ പാടില്ല

 കണ്ടെയ്ൻമെന്റ് സോണിനു പുറത്ത് പരമാവധി 50 പേരെ പങ്കെടുപ്പിച്ച് വിവാഹമാവാം

 സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം

 പ്രാർത്ഥനാ ചടങ്ങുകൾക്കും സംസ്‌കാര ചടങ്ങുകൾക്കും ഇത് ബാധകമായിരിക്കും

സർക്കാർ, വാണിജ്യ സ്ഥാപനങ്ങൾ പ്രോട്ടോക്കോളുകൾ പാലിച്ച് പ്രവർത്തിക്കാം

 മുമ്പ് പ്രഖ്യാപിച്ച പൊതു പരീക്ഷകൾ അതത് തീയതിക്ക് നടത്താം

 ഇനി പ്രഖ്യാപിക്കാനുള്ളവ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ അനുമതിയോടെ മാത്രം