കോവളം: തുറമുഖവകുപ്പിനെ അഭിവൃദ്ധിയിലാക്കി കപ്പലുകളുടെ വലിയ നിരയെത്തുന്ന വിഴിഞ്ഞം തുറമുഖത്ത് നാളെ ക്രൂചെയ്ഞ്ചിംഗിൽ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുന്നു. ക്രൂചെയിഞ്ചിംഗിനായി അമ്പതാമത്തെ കപ്പൽ നാളെ പുറംകടലിലെത്തുന്നത് ആഘോഷദിനമാക്കി മാറ്റാനാണ് തുറമുഖവകുപ്പിന്റെ തീരുമാനം. അമ്പതാമത്തെ കപ്പൽ പ്രവേശിപ്പിക്കുന്നതോടെ ഏതു സമയത്തും ക്രൂ ചെയ്ഞ്ചിംഗ് നടത്താൻ സമീപിക്കാവുന്ന സെന്ററായി വിഴിഞ്ഞം മാറും. ഇത്തരം ഒരു സന്ദേശം നൽകി വിദേശ ചരക്കു കപ്പലുകളുടെ ഇഷ്ടകേന്ദ്രമായി മാറാനുള്ള നീക്കമാണ് വിഴിഞ്ഞത്ത് പുരോഗമിക്കുന്നത്.

കൊച്ചിക്ക് പിന്നാലെ കേരളത്തിലെ രണ്ടാമത്തെ ക്രൂചെയ്ഞ്ചിംഗ് കേന്ദ്രമാണ് വിഴിഞ്ഞം. അന്താരാഷ്ട്ര ജലപാതയോട് ഏറെ അടുത്തുകിടക്കുന്ന വിഴിഞ്ഞം ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കുള്ള ക്രൂ ചെയ്ഞ്ചിംഗ് സെന്റുകളിൽ ഒന്നായി മാറുമെന്നാണ് കണക്കുകൂട്ടുന്നത്. അടുത്ത ആഴ്ച ഒരു ഡസൻ കപ്പലുകൾ കൂടി വിഴിഞ്ഞത്തെത്താൻ അനുമതി തേടിയിട്ടുള്ളതായി അധികൃതർ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തികമായി വലിയ തിരിച്ചടി നേരിടുന്ന വേളയിൽ തുറമുഖ വകുപ്പിനും സർക്കാരിനും വരുമാനത്തിന്റെ കാര്യത്തിൽ വലിയ പ്രതീക്ഷയാണ് വിഴിഞ്ഞം പോർട്ട് നൽകുന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടയിൽ അരക്കോടിയോളം രൂപയാണ് ആങ്കറിംഗ് ചാർജിനത്തിൽ മാത്രം തുറമുഖ വകുപ്പിന് ലഭിച്ചത്.

ക്രൂ ചെയ്ഞ്ചിംഗിനായി എത്തുന്ന കപ്പലുകളുടെ എണ്ണം വർദ്ധിച്ചതോടെ ജീവനക്കാരെ കരയ്‌ക്കെത്തിക്കാനും തിരികെ കപ്പലിൽ പ്രവേശിപ്പിക്കാനുമായി ആധുനിക സൗകര്യങ്ങളുള്ള ടഗ്ഗ് വേണമെന്ന ആവശ്യമുയർന്നതോടെ ഗോവ ഷിപ്പിയാർഡിൽ നിർമ്മിച്ച ധ്വനി എന്ന ടഗ്ഗ് വിഴിഞ്ഞത്തെത്തിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.

 കരുത്തേകാൻ ധ്വനി എത്തിയാൽ

ഗോവ ഷിപ്പിയാർഡിൽ നിർമ്മിച്ച 450 കുതിരശക്തി ശേഷിയുള്ള ധ്വനി എന്ന കൂറ്റൻ ടഗ് വിഴിഞ്ഞം തുറമുഖത്തെത്തിക്കാൻ തുറമുഖ വകപ്പ് ആലോചിക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളുള്ള ധ്വനി പൂർണമായും ശീതീകരിച്ചതാണ്. നിലവിൽ ചാലിയാർ എന്ന തുറമുഖ വകുപ്പിന്റെ തന്നെ ഇടത്തരം ടഗ്ഗാണ് വിഴിഞ്ഞത്തെ ക്രൂചെയ്ഞ്ചിംഗിന് ഉപയോഗിക്കുന്നത്. പുതിയ ടഗ്ഗ് വരുന്നതോടെ ക്രൂ ചെയ്ഞ്ചിംഗ് കൂടുതൽ എളുപ്പമാവുന്നതോടൊപ്പം അത്യാഹിത വേളകളിൽ കടൽ രക്ഷാപ്രവർത്തനത്തിനും പുതിയ ടഗ് ഉപയോഗിക്കാനാവും.