mullapalli

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താലേഖകരോട് പറഞ്ഞു. മാദ്ധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമം വിലപ്പോകില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നു കയറ്റമാണിത്. ഇത് ജനാധിപത്യത്തിന് ചേർന്നതല്ല. മാദ്ധ്യമങ്ങളോട് ഇതുപോലെ അസഹിഷ്ണുത കാട്ടിയ മുഖ്യമന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ല. കൊവിഡിന്റെ മറവിൽ ഇത്തരം കരിനിയമങ്ങളുമായി മുന്നോട്ട് പോയാൽ കോൺഗ്രസ് ശക്തമായി ചെറുക്കും.

കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കും. എന്നാൽ അത് സർക്കാരിന്റെ എല്ലാ തെറ്റായ നിലപാടുകൾക്കുമുള്ള പിന്തുണയായി വ്യാഖ്യാനിക്കേണ്ട.