vld-1

വെള്ളറട: മലയോരത്ത് പൊലീസ് നടത്തിയ പരിശോധനയിൽ എട്ടര കിലോ കഞ്ചാവുമായി മൂന്നംഗസംഘം പിടിയിൽ. പേരേക്കോണം വാവോട് കേന്ദ്രീകരിച്ച് പരിശോധനയിലാണ് വാവോട് കുരിശടിക്കുസമീപം ഇഞ്ചക്കൽ ഹൗസിൽ വിജിൽ (19), വാഴിച്ചൽ മുകുന്തറ ദേശത്ത് ഇടവാച്ചൽ കുളത്തങ്കൽ ഹൗസിൽ ജിതിൽ ടോമി (21), വാഴിച്ചൽ വില്ലേജിൽ ചാക്കത്തോട്ടം മുല്ലശ്ശേരി വീട്ടിൽ സഞ്ജയ് (18) എന്നിവരാണ് പിടിയിലായത്.

vld-2

ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് പേരേക്കോണം വാവോടുള്ള വീട്ടിൽ സൂക്ഷിച്ചായിരുന്നു കച്ചവടം നടത്തിയിരുന്നത്. ഇവിടെ നിന്ന് ചെറുപൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്നു ഇവരുടെ രീതി.

ഈ വീട്ടിൽ വ്യാപകമായി ആളുകൾ വന്നുപോകുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അയൽവാസികൾ ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആര്യങ്കോട് ഇൻസ്‌പെക്ടർ എസ്.എം. പ്രദീപ് കുമാറിന്റെയും ഷാഡോ പൊലീസ് സബ് ഇൻസ്പെക്ടർ ഷിബു കുമാറിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥരായ ശ്രീകണ്ഠൻ,​ അജിത്കുമാർ,​ അഭിലാഷ്,​ അനിൽകുമാർ,​ അലക്സ്,​ അരുൺ,​ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.