
വർക്കല: കാലം മാറിയിട്ടും വർക്കല നഗരമദ്ധ്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയുടെ കണ്ടകശനി വിട്ടൊഴിയുന്നില്ല. വർക്കല നഗരസഭയുടെ മുനിസിപ്പൽ മിനി ടൗൺ ഹാളിന്റെ താഴത്തെ നിലയിലാണ് മൃഗാശുപത്രി പ്രവർത്തിക്കുന്നത്. 30 വർഷങ്ങൾക്ക് മുൻപാണ് വർക്കലയിൽ മൃഗാശുപത്രി നിലവിൽ വന്നത്. നഗരസഭയിലെ 33 വാർഡുകളിലെ ക്ഷീരകർഷകർ ഉൾപ്പെടെയുള്ളവർ ആശ്രയിക്കുന്ന ഈ മൃഗാശുപത്രിയിൽ യാതൊരു വിധ സൗകര്യങ്ങളുമില്ല. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മതിയായ ജീവനക്കാരുടെ കുറവും ഈ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനം താളംതെറ്റുന്നുണ്ട്. ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ് വർഷങ്ങളായി ഈ ആശുപത്രി പ്രവർത്തിക്കുന്നത്. മരുന്നു കൊടുക്കുന്ന മുൻവശത്തെ മുറി ഉൾപ്പെടെ 3 കുടുസ് മുറികളിലാണ് ആശുപത്രിയുടെ പ്രവർത്തനം. 5 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വനിതാ ജീവനക്കാർ ഉൾപ്പെടെ സേവനമനുഷ്ഠിക്കുന്ന ഈ ആശുപത്രിയിൽ ടോയ്‌ലെറ്റ് പോലുമില്ല. കെട്ടിടത്തിലെ റൂഫിംഗ് പൊട്ടിപ്പൊളിഞ് ചോർന്നൊലിക്കുകയാണ് കെട്ടിടത്തിന്റെ ഭിത്തികൾ വിള്ളൽ വീണ് മഴവെളളം ഊർന്നിറങ്ങുകയാണ്. മഴപെയ്താൽ മൃഗാശുപത്രിയിൽ മഴവെളളം കെട്ടി നിൽക്കും. പ്രതിരോധ കുത്തിവയ്പിനും മറ്റുമായി മൃഗങ്ങളെ കൊണ്ടുവന്നാൽ സൗകര്യപ്രദമായ രീതിയിൽ ഇവയെ കെട്ടുന്നതിനും പരിശോധിക്കുന്നതിനും മതിയായ സൗകര്യം പോലും ഇവിടെയില്ല. മൃഗങ്ങളെ ആശുപത്രിക്ക് മുന്നിലുള്ള റോഡിൽ നിറുത്തിവേണം പരിശോധന നടത്താൻ. വർഷങ്ങൾ പഴക്കമുള്ള മൃഗാശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രവർത്തന സമയം
രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും ഉച്ചക്ക് 2 മുതൽ 3 മണിവരെയും. ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 9 മുതൽ 12 മണി വരെയാണ് പ്രവർത്തന സമയം.
ജീവനക്കാർ
വെറ്റനറി സർജൻ 1, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ 1 ( വനിത) പാർടൈം സ്വീപ്പർ 1( വനിത) അറ്റൻഡർ 1
ചികിത്സാ സൗകര്യങ്ങൾ
പക്ഷിമൃഗാദികളുടെ ചികിത്സ, രോഗപ്രതിരോധ കുത്തിവയ്പ്പ്, കന്നുകാലികളെയും, പക്ഷികളെയും ഇൻഷ്വറൻസ് ചെയ്യുന്നതിനുളള സൗകര്യം, ജന്തുജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനുളള നടപടികൾ, കന്നുകാലികളുടെ വന്ധ്യതാനിവാരണ ക്യാമ്പ്, തൊഴിൽരംഗത്ത് കർഷകർക്കാവശ്യമായ പ്രോജക്ട് റിപ്പോർട്ടുകൾ ഉൾപ്പെടെ തയ്യാറാക്കി സഹായം നൽകുക. ഗ്രാമ പഞ്ചായത്തിന്റെ മൃഗസംരക്ഷണ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക പശു, എരുമ എന്നിവയുടെ പ്രജനനത്തിനും വർഗ ഗുണം മെച്ചപ്പെടുത്തുന്നതിനും കൃത്രിമ ബീജ ധാരണത്തിനും സൗകര്യം ലഭ്യമാക്കുക, പട്ടികൾക്ക് പേവിഷബാധ, കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങി 20 ഓളം സേവനങ്ങളാണ് ഈ ആശുപത്രിയിൽ ലഭിക്കുന്നത്.
**പരാതികൾ
---------------------------------
ആവശ്യത്തിന് ജീവനക്കാരില്ല
ചോർന്നൊലിക്കുന്ന കെട്ടിടം...കെട്ടിടത്തിന്റെ
റൂഫിംഗ് പൊട്ടിപ്പൊളിഞ്ഞു
ടൊയ്‌ലെറ്റ് ഇല്ല
ഷോർട്ട് സർക്യൂട്ട് അപകട ഭീഷണി ഉയർത്തുന്നുണ്ട്