h

കോവളം: തുറമുഖ വകുപ്പിന്റെ കീശ നിറച്ച് കപ്പലുകളുടെ വലിയ നിരയെത്തുന്ന വിഴിഞ്ഞം തുറമുഖത്ത് നാളെ ക്രൂചെയ്ഞ്ചിംഗിൽ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കും. അമ്പതാമത്തെ കപ്പൽ നാളെ പുറംകടലിൽ ക്രൂചെയ്‌ഞ്ചിംഗിന് എത്തുന്നത് ആഘോഷമാക്കി മാറ്റാനാണ് തുറമുഖ വകുപ്പിന്റെ തീരുമാനം. കൊച്ചിക്ക് പിന്നാലെ കേരളത്തിലെ രണ്ടാമത്തെ ക്രൂചെയ്ഞ്ചിംഗ് കേന്ദ്രമായി മാറിയ വിഴിഞ്ഞം ഏഷ്യയിലെ തന്നെ ഏറ്റവും തിരക്കുള്ള ക്രൂചെയ്ഞ്ചിംഗ് സെന്ററുകളിൽ ഒന്നാവും. ഇന്നലെ വരെ 47 കപ്പലുകളാണ് വിഴിഞ്ഞത്തെത്തി മടങ്ങിയത്. അടുത്ത ആഴ്ച ഒരു ഡസൻ കപ്പലുകൾ കൂടി വിഴിഞ്ഞത്തെത്താൻ അനുമതി തേടിയതായി അധികൃതർ പറഞ്ഞു. നേരത്തെ വിനോദ സഞ്ചാര സീസണിൽ ലോകം ചുറ്റുന്ന സഞ്ചാരികളുമായി വല്ലപ്പോഴും എത്തിയിരുന്ന ആഡംബര കപ്പലുകളിൽ നിന്ന് ലഭിച്ചിരുന്ന തുച്ഛമായ തുകയായിരുന്നു തുറമുഖത്തിന് വരുമാനമായി ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കീശ നിറയെ പണം ലഭിക്കുന്ന വലിയ സെന്ററാണ് വിഴിഞ്ഞം.

 ഇതുവരെ എത്തിയത് - 47 കപ്പലുകൾ

 ആകെ വരുമാനം - അരക്കോടി രൂപ

മുന്നേറാൻ ധ്വനി

--------------------------------------

ക്രൂചെയ്ഞ്ചിംഗിനായി ഗോവ ഷിപ്പ്യാർഡിൽ നിർമ്മിച്ച 450 കുതിരശക്തി ശേഷിയുള്ള ധ്വനി എന്ന കൂറ്റൻ ടഗ് വിഴിഞ്ഞത്ത് എത്തിക്കാൻ തുറമുഖ വകുപ്പ് ആലോചിക്കുന്നുണ്ട്. റഡാർ, എക്കോ സൗണ്ടർ, ജി.പി.എസ്, വി.എച്ച്‌.എഫ്, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം, അഗ്‌നി പ്രതിരോധ സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളുള്ള ധ്വനി പൂർണമായും ശീതീകരിച്ചതാണ്. നിലവിൽ ചാലിയാർ എന്ന തുറമുഖ വകുപ്പിന്റെ തന്നെ ഇടത്തരം ടഗാണ് വിഴിഞ്ഞത്തെ ക്രൂ ചെയ്ഞ്ചിംഗിന് ഉപയോഗിക്കുന്നത്.