
പാലോട് :പാലോട് കുറുന്താളിയിൽ വീടുകളിൽ ഗ്യാസ് സ്റ്റൗ റിപ്പയറിംഗിനെത്തി കുട്ടിയുടെ മാല കവർന്ന കേസിൽ ഒരു സ്ത്രീയെ പാലോട് പൊലിസ് അറസ്റ്റ് ചെയ്തു. പുലിപ്പാറ മേലാംകോട് മൂത്താം കോണത്ത് വീട്ടിൽ ശില്പ (24) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ഒരു ഗ്യാസ് റിപ്പയറിംഗ് കടയിൽ ജീവനക്കാരിയായിരുന്ന ഇവർ അവിടെ നിന്നു മാറിയ ശേഷം വ്യാജ രസീതുകൾ തയ്യാറാക്കി വിവിധ ഗ്യാസ് ഏജൻസികളുടെ പേരിൽ വീടുകളിൽ എത്തി ഗ്യാസ് സ്റ്റൗ സർവീസിംഗ് നടത്തുകയായിരുന്നു. മാല മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരവെ ഇളവട്ടം ഭാഗത്ത് ഗ്യാസ് റിപ്പയറിംഗ് എത്തിയ ഇവരെ നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചോദ്യംചെയ്തപ്പോൾ മാല എടുത്ത വിവരം സമ്മതിക്കുകയും മാല വിറ്റ ചാലയിലുള്ള കടയിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. പാലോട് സ്റ്റേഷൻ ഇൻസ്പെക്ടർ സി.കെ മനോജിന്റെ മേൽനോട്ടത്തിൽ ഗ്രേഡ് എസ്.ഐ ഇർഷാദ്, സി.പി.ഒ നവാസ്, ലിജു, റിയാസ്, സുനിത എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.