ration-

തിരുവനന്തപുരം: വയനാട് മാനന്തവാടിയിൽ റേഷനരി കടത്തി വേറെ പായ്ക്കറ്റുകളിലാക്കി വിപണിയിലെത്തിച്ച സംഭവത്തിൽ സിവിൽ സപ്ലൈസ് ഉന്നത ഉദ്യോഗസ്ഥർക്കും പങ്കെന്ന് ഭക്ഷ്യകമ്മിഷൻ കണ്ടെത്തി. ഇവർക്കെതിരെ നടപടിയെടുക്കുന്നതിൽ തീരുമാനമായിട്ടില്ല സംഭവം പുറത്തറിഞ്ഞതോടെ മന്ത്രി പി.തിലോത്തമന്റെ നിർദ്ദേശത്തെ തുടർന്ന് കെല്ലൂരിലെ ഡിപ്പോ മാനേജരേയും ഓഫീസ് ഇൻ ചാർജിനേയും കഴിഞ്ഞ ദിവസം സസ്പെൻഡു ചെയ്തിരുന്നു. വിജിലൻസ് അന്വേഷണത്തിനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

സെപ്തംബർ 30ന് മാനന്തവാടി കെല്ലൂരിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നു റേഷൻ കടകളിലേക്ക് കൊണ്ടുപോയ അരിയാണ് പണി പൂർത്തിയാകാത്ത വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. സംശയം തോന്നിയ നാട്ടുകാർ കരിഞ്ചന്ത വ്യാപാരം തെളിവോടെ പിടികൂടുകയായിരുന്നു. തുടർന്ന് കെല്ലൂരിലെ നാൽപതാം നമ്പർ റേഷൻ കടയും ദ്വാരകയിലെ മുപ്പത്തഞ്ചാം നമ്പർ കടയും സസ്‌പെൻഡു ചെയ്തു.