തിരുവനന്തപുരം : ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് മണ്ഡലങ്ങളിലെ തീരപ്രദേശത്തെ കടലാക്രമണത്തിന് പരിഹാരം കാണുന്നതിന് ചെന്നൈ ഐ. ഐ. ടിയുടെ രൂപകൽപനയെ അടിസ്ഥാനമാക്കി 184.04 കോടി രൂപ ചെലവഴിച്ച് 114 ഗ്രോയിൻ ഫീൽഡ് സ്ഥാപിക്കുന്നതിനുള്ള അഞ്ച് പ്രവൃത്തികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടൽത്തീര സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി 2022 മാർച്ചിൽ പൂർത്തിയാകും.
കടലാക്രമണം രൂക്ഷമായ ഒൻപത് ജില്ലകളിൽ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ വീതം 18 കോടി രൂപ അനുവദിച്ചു.
ചെല്ലാനത്ത് എട്ടു കോടി രൂപ ചെലവഴിച്ച് ഒരു കിലോമീറ്റർ നീളത്തിൽ ജിയോ ട്യൂബ് ഉപയോഗിച്ച് കടൽഭിത്തി നിർമാണം നടക്കുന്നുണ്ട്. 2021 ജനുവരിയിൽ ഇത് പൂർത്തീകരിക്കും.
ചെല്ലാനം ബസാർ ഭാഗത്ത് 220 മീറ്റർ നീളത്തിൽ കടൽഭിത്തി പണിയാൻ ഒരു കോടി രൂപയുടെ പ്രവൃത്തികളും ചാളക്കടവ്, മാലാഖപ്പടി, കണ്ണമാലി എന്നിവിടങ്ങളിൽ ജിയോബാഗ് ഉപയോഗിച്ച് 270 മീറ്റർ നീളത്തിൽ താത്ക്കാലിക കടൽഭിത്തി 30 ലക്ഷം രൂപ ചെലവിൽ നിർമിക്കാനുള്ള പ്രവൃത്തികളും നടത്തും.