
പോത്തൻകോട്: കൂട്ടായ്മയുടെ വിജയത്തിൽ തരിശുനിലത്തിൽ കതിരിട്ടത് നൂറുമേനി.
കഴിഞ്ഞ ഇരുപതുവർഷമായി തരിശുകിടന്ന ചന്തവിള ആമ്പല്ലൂർ പാടശേഖരത്തിന്റെ ഭാഗമായ ചാണായിക്കോണം ഏലായിലാണ് കൊയ്ത്തുപാട്ടിന്റെ ഈരടി ഉയർന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ മേയർ കെ. ശ്രീകുമാർ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എസ്. ബിന്ദു, കൃഷിക്ക് നേതൃത്വം നൽകിയ അസി. കൃഷി ഓഫീസർ എം.എൻ.പ്രകാശ്, മറ്റ് ഉദ്യോഗസ്ഥർ കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നൂറേക്കറിലധികം വരുന്ന പാടശേഖരം വർഷങ്ങളായി കൃഷിയില്ലാതെ നിലംനികത്തൽ ഉൾപ്പെടെയുള്ള ഭീഷണിയുടെ നടുവിലായിരുന്നു. നാലേക്കർ ഭാഗികമായി നികത്തി മരച്ചീനി, വാഴ, തെങ്ങ് ഉൾപ്പെടെയുള്ള മറ്റ് വിളകളും അക്കേഷ്യമരങ്ങളും നട്ടിരുന്നു. ബാക്കി ഭാഗത്ത് കാടുമൂടുകയും ചെയ്തു. പാടശേഖരത്തിലെ തടസങ്ങൾ നീക്കി നെൽക്കൃഷി ചെയ്യുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ മേയർക്ക് നിവേദനം നൽകിയിരുന്നു. തുടർന്നാണ് മേയർ അടിയന്തര ഇടപെടൽ നടത്തിയത്.
നഗരസഭയിലെ പ്രധാന നെല്ലറകളിലൊന്നായ ആമ്പല്ലൂർ പാടശേഖരം സംരക്ഷിക്കാൻ നിയയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.
വിത്ത് വിതച്ചത് 05 ഏക്കറിൽ
കഴക്കൂട്ടം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചാണായിക്കോണം ഏലായിലെ തരിശുകിടന്ന അഞ്ചേക്കർ സ്ഥലത്താണ് 100 ദിവസം മൂപ്പുള്ള ഉമ നെൽവിത്തിനം കൃഷി ചെയ്തത്.
ഏക്കറിന് രണ്ടായിരത്തി അഞ്ഞൂറ് കിലോയോളം വിളവ് ലഭിക്കുമെന്നാണ് കർഷകർ പറയുന്നത്. ഒരു ഹെക്ടറിന് നാല്പതിനായിരം രൂപയാണ് കർഷകർക്ക് സർക്കാർ നൽകുന്ന സബ്‌സിഡി. തൊഴുലുറപ്പു മേഖലയിലെ വനിതാ തൊഴിലാളികളും പാടം കൊയ്യാൻ എത്തിയിരുന്നു. ഒരു കിലോ നെല്ലിന് 27രൂപ 40 പൈസ നിരക്കിൽ അഗ്രോ ഇൻഡസ്‌ട്രീസ് കോർപറേഷൻ പാടത്തു വച്ചുതന്നെ നെല്ല് സംഭരണം നടത്തി.
വിതച്ചത്: ഉമ നെൽവിത്ത്
ഏക്കറിൽ 2500 കിലോ വിളവ്
ഹെക്ടറിന് 40000 രൂപ സബ്സിഡി
01 കിലോ നെല്ലിന് ലഭിച്ചത് 27.40 രൂപ