കിളിമാനൂർ: വീണ്ടും വീട്ടമ്മമാരെ കരയിപ്പിച്ച് സവാള. നൂറു രൂപയ്ക്ക് ആറും ഏഴും കിലോ സവാള കിട്ടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ ദിവസം കിട്ടിയത് ഒന്നര കിലോ സവാളയാണ്. അനുദിനം പച്ചക്കറിക്കും പല വ്യഞ്ജന സാധനങ്ങളും വില കൂടുമ്പോൾ റോക്കറ്റ് പോലെ കുതിക്കുകയാണ് സവാളയുടെ വില.

ആറ് മാസങ്ങൾക്ക് മുമ്പ് 150 രൂപ വരെ എത്തിയിരുന്ന സവാള വില പിന്നീടിങ്ങോട്ട് ലോക്ക് ഡൗൺ സമയത്തും ഓണക്കാലത്തും കുറഞ്ഞിരുന്നു. റോഡരികിൽ മിനിലോറികളിലും മറ്റും വില കുറച്ചു കൊടുക്കാൻ കച്ചവടക്കാർ മത്സരവുമായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി സവാള വില കുത്തനെ ഉയരുകയാണ്. ഹോട്ടലുകളിലും, ബേക്കറികളിലുമൊക്കെ സവാള കൊണ്ടുള്ള ഉത്പന്നങ്ങൾ അപ്രത്യക്ഷമായി തുടങ്ങി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറികളുടെ വരവ് കുറഞ്ഞതും, സവാള കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലെ മഴയും സവാള ദൗർലദ്യത്തിന് കാരണമായി കച്ചവടക്കാർ പറയുന്നു.അതേ സമയം കച്ചവടക്കാർ സവാള പൂഴ്ത്തി വച്ച് വില വർദ്ധനക്ക് കാരണമാകുന്നു എന്ന് ഉപഭോക്താക്കളും പറയുന്നു.