
ചിറയിൻകീഴ്: മണപ്പുറം മിസിസ് സൗത്ത് ഇന്ത്യ 2020 കിരീടം ചൂടിയ പെരുങ്ങുഴി സ്വദേശി ദീപ ലാൽ നാടിന്റെ അഭിമാനമാകുന്നു. കേരളത്തിലെ നൂറോളം അപേക്ഷകരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പത്ത് മത്സരാർത്ഥികളെ പങ്കെടുപ്പിച്ചാണ് മിസ് ക്വീൻ കേരള മത്സരം നടത്തിയത്. ഈ മത്സരത്തിലാണ് പെരുങ്ങുഴി കണിയൻമ്മൂലയിൽ ദീപ ലാൽ കിരീടം സ്വന്തമാക്കിയത്.
കർണാടകയുടെ കാൻഡിഡ ഫസ്റ്റ് റണ്ണർ അപ്പും, തമിഴ്‌നാടിന്റെ ഡോ. ഭാവന റാവു സെക്കൻഡ് റണ്ണറപ്പുമായി. വിജയികളെ എസ്.സി.എ.എ.എസിന്റെ എം.ഡി ഷൈനി ജസ്റ്റിൻ സുവർണകിരീടം അണിയിച്ചു. കൊച്ചിയിലെ സാജ് എർത്ത് റിസോർട്ടിലാണ് മണപ്പുറം മിസിസ് സൗത്ത് ഇന്ത്യയുടെ മൂന്നാമത് എഡിഷൻ നടന്നത്. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് പേരാണ് മത്സരത്തിൽ പങ്കെടുത്തത്. കേരളത്തിന് പുറത്തുനിന്നുള്ളവർ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് പങ്കെടുത്തത്. ഹരി ആനന്ദ്, ലക്ഷ്മി മേനോൻ, അർച്ചന രവി, സജി മോൻ പാറയിൽ എന്നിവരാണ് വിജയികളെ തിരഞ്ഞെടുത്തത്. മിസിസ് സൗത്ത് ഇന്ത്യ വിജയികൾക്ക് മിസിസ്സ് ഇന്ത്യ ഗ്ലോബൽ സൗന്ദര്യമത്സരത്തിലും മിസ് ക്വീൻ കേരള വിജയികൾക്ക് മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീൻ ഓഫ് ഇന്ത്യ, മിസ് ഏഷ്യ, മിസ് ഏഷ്യ ഗ്ലോബൽ എന്നീ മത്സരങ്ങളിലും പങ്കെടുക്കാനുള്ള സുവർണാവസരം ലഭിക്കും.