
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനപ്പുറം മാസ്ക് ഫാഷനായ കാലത്ത് മലയാള അക്ഷരങ്ങൾ നിറഞ്ഞ മാസ്കുകൾ ഒരുക്കി മലയാള മിഷൻ. ഭാഷാ പ്രചാരണത്തിനായി മലയാള മിഷൻ ആരംഭിച്ച സുവനീർ ഷോപ്പിലൂടെയാണ് 'തനി മലയാളി'യായ മാസ്കുകളുടെ വില്പന. മനോഹരമായ കാലിഗ്രഫിയിൽ അക്ഷരക്കൂട്ടവും കവിതാശകലങ്ങളും ഉദ്ധരണികളും കൊണ്ട് മനോഹരമാക്കിയ മാസ്കുകളാണ് വിപണനത്തിന് തയ്യാറാക്കിയിരിക്കുന്നത്.
ഗുണമേന്മയുള്ള കോട്ടൺ തുണിയിലുള്ള മാസ്ക് മലയാള മിഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിർമിക്കുന്നത്. 40 - 50 രൂപവരെയാണ് ഒരെണ്ണത്തിന് വിലയായി ഈടാക്കുന്നത്. ഓൺലൈനായാണ് വില്പന. ഓർഡർ ചെയ്യുന്നവർക്ക് കൊറിയറായി എത്തിക്കും. തിരുവനന്തപുരം തൈക്കാടുള്ള മലയാള മിഷന്റെ ഓഫീസിൽ നേരിട്ടെത്തിയും വാങ്ങാം.
സുവനീർ ഷോപ്പെന്ന സംരഭത്തിലൂടെ നേരത്തെ തന്നെ അക്ഷരങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട്, ബാഗ്, സാരി, ദുപ്പട്ട, കലണ്ടർ തുടങ്ങിയവ വില്പന നടത്തിയിരുന്നു. കൊവിഡിന്റെ തുടക്കഘട്ടത്തിൽ സാംസ്കാരിക വകുപ്പിലെ ജീവനക്കാർക്കായി 1000 മാസ്കുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. മാസ്ക് ആവശ്യമുള്ളവർക്ക് 8078920247 എന്ന നമ്പരിൽ ബന്ധപ്പെടാം.
ജീവിതത്തിന്റെ സമസ്ത ഭാവങ്ങളിലും ഭാഷ വിപൂലീകരിക്കേണ്ടതായുണ്ട്. മലയാള ഭാഷയുടെ പ്രചാരണമാണ് അക്ഷരമാസ്കുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. വലിയ ലാഭം പ്രതീക്ഷിക്കുന്നില്ല. മുടക്കുമുതൽ മാത്രമാണ് ഈടാക്കുന്നത്.
- സുജ സൂസൻ ജോർജ്
മലയാള മിഷൻ ഡയറക്ടർ