vld

വെള്ളറട: ക്ഷയരോഗ മുക്തി ലക്ഷ്യമാക്കി വെള്ളറട ഗ്രാമപഞ്ചായത്തും വെള്ളറട സി.എച്ച്.സിയും സംയുക്തമായി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കിവരുന്ന എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുള്ള കേരള സർക്കാരിന്റെ പ്രഥമ അക്ഷയ കേരള പുരസ്കാരം വെള്ളറട ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ക്ഷയരോഗ ബാധിതരെ എത്രയും പെട്ടെന്ന് കണ്ടെത്തി അവരെ ചികിത്സിച്ച് ഭേദമാക്കുക, മറ്റുള്ളവരിലേക്ക് വ്യാപനം തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു വർഷക്കാലത്തെ പ്രവർത്തനം വിലയിരുത്തിയാണ് പുരസ്കാരം നൽകിയത്. ജില്ല ടി.ബി ഓഫീസർ ഡോ.ദേവ കിരണിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ശോഭകുമാരിയും മെഡിക്കൽ ഓഫീസർ ഡോ.സുനിലും ചേർന്ന് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു റാണി,​ ഡോ.സ്മിത നായർ,​ ദീപ,​ ഷാജി,​ ബിജു,​ ലില്ലി തുടങ്ങിയവർ പങ്കെടുത്തു.