d

തിരുവനന്തപുരം: ഹിമാചൽ പ്രദേശിലെ നാടൻ പാട്ടുമായി​, ആ നാടിന്റെ ഹൃദയത്തിലേക്ക് കടന്നുകയറിയ പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ഒൻപതാം ക്ലാസുകാരി ദേവികയ്ക്ക് ഹിമാചൽ പ്രദേശിലെ മറ്റ് പാട്ടുകൾ പാടാനും ക്ഷണം.ദേവികയുടെ പാട്ട് ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത ഗായകനും ഗാനരചയിതാവുമായ താക്കൂർദാസ് രാഥിയോടാണ് അവിടത്തെ സംഗീത പ്രേമികൾ ദേവികയെപ്പറ്റി തിരക്കുന്നത്. പാട്ട് ഷെയർ ചെയ്തപ്പോൾ ദക്ഷിണേന്ത്യക്കാരിയെന്നു മാത്രമേ താക്കൂർദാസിനും അറിയാമായിരുന്നുള്ളൂ. ശനിയാഴ്ച 'കേരളകൗമുദി'യുമായി സംസാരിച്ചപ്പോഴാണ് കേരളത്തിലെ കുട്ടിയാണെന്നും സ്വദേശം തിരുവനന്തപുരമാണെന്നും അറിയുന്നത്.സിനിമാ പിന്നണിഗാനത്തിനു പറ്റിയ ശബ്ദമാണ് ദേവികയുടേതെന്ന് താക്കൂർദാസ് പറഞ്ഞു. ദേവികയെ ഹിമാചൽ പ്രദേശിലെ മറ്റൊരു ഗാനം പാടിക്കും. ദേവികയെ ഹിമാചൽ സ്നേഹിക്കുകയാണ്. ഞാൻ ഗാനചിത്രീകരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ വന്നിട്ടുണ്ട്. വളരെ അപൂർവം ആളുകൾ മാത്രമേ ഹിന്ദി നന്നായി സംസാരിച്ച് കേട്ടുള്ളൂ. പക്ഷേ,​ അറിയപ്പെടുന്ന സംഗീതജ്ഞരുടെ നാടാണെന്ന് അറിയാം- താക്കൂർദാസ് പറഞ്ഞു.

s
താക്കൂർദാസ് രാഥി

''മായേനി മേരീയേ...'' എന്ന നാടൻപാട്ടാണ് ദേവിക പാടിയത്. താക്കൂർ ദാസ് രാഥി ഫേസ്ബുക്കിൽ ഷെയർ ചെയ്തു. ആദ്യ രണ്ട് ദിവസം കൊണ്ട് അഞ്ച് ലക്ഷത്തോളം പേർ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ കണ്ടു. 5200 പേർ ഷെയർ ചെയ്തു. അഭിനന്ദന കമന്റുകൾ നിറയുകയാണ്. ഇന്നലെ ആയപ്പോഴേക്കും ഷെയർ ചെയ്തവരുടെ എണ്ണം 12,​000 കവിഞ്ഞു. പാട്ട് ആസ്വദിച്ചവർ 8 ലക്ഷവും. ഇത് ഒരു ഫേസ്ബുക്ക് അക്കൗണ്ടിലെ മാത്രം കാര്യമാണ്.

ചിത്രകാരിക്കൊരു സമ്മാനം

നല്ലൊരു ചിത്രകാരി കൂടിയായ ദേവികയ്ക്ക് സമ്മാനം എത്തിക്കുമെന്ന് ലളിതകലാ അക്കാഡമി ചെയർമാനും ചിത്രകാരനും സംവിധായകനുമായ നേമം പുഷ്പരാജ് പറഞ്ഞു. പാട്ടും ചിത്രങ്ങളും മനോഹരമാണ്. രണ്ട് മേഖലയിലും ദേവികയ്ക്ക് നല്ല ഭാവിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.