strike

തിരുവനന്തപുരം : മെഡിക്കൽ കോളേജാശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ കൊവിഡ് ഏകോപനച്ചുമതലയുള്ള (നോഡൽ ഓഫീസർ) ഡോ.അരുണയെ സസ്പെൻഡ് ചെയ്തതിലുള്ള ഡോക്ടർമാരുടെ പ്രതിഷേധ സമരം മറ്റ് മെഡിക്കൽ കോളേജുകളിലേക്കും വ്യാപിക്കുന്നു.

സർക്കാർ സസ്പെൻഷൻ പിൻവലിക്കാത്തത് ഡോക്ടർമാരുടെ മനോവീര്യം തകർക്കുമെന്ന് ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ ഡോക്ടർമാരുടെ സംഘടനകൾ ആരോപിക്കുന്നു. പ്രതിഷേധം ശക്തമാക്കുന്നതിൻെറ ഭാഗമായി, നാളെ (ചൊവ്വ) മുതൽ അനിശ്ചിതകാലത്തേക്ക് ഒ.പി ബഹിഷ്കരിക്കും.അതിന്റെ മുന്നോടിയായി ഇന്ന് രാവിലെ എട്ടു മുതൽ പത്ത് വരെ എല്ലാ മെഡിക്കൽ കോളേജുകളിലും ഒ. പി ബഹിഷ്കരിക്കും. കൊവിഡ്, അടിയന്തര-അത്യാഹിത വിഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാത്തവിധത്തിലാണ് സമരം. കൊവിഡ് പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജുകളിലെ ഓൺലൈൻ ക്ലാസുകൾ ഇന്നു മുതൽ നിറുത്തിവയ്ക്കും.

എല്ലാ മെഡിക്കൽ കോളേജുകളിലെയും കൊവിഡ് നോഡൽ ഓഫീസർമാർ ചുമതല ഒഴിഞ്ഞുള്ള കത്ത് ഇന്നലെ രാത്രിയോടെ പ്രിൻസിപ്പൽമാർക്ക് നൽകിയതായും ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) നേതാക്കൾ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജോയിന്റ് ആക്‌ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ നടക്കുന്ന 48 മണിക്കൂർ റിലേ സത്യാഗ്രഹം ഇന്ന് രാവിലെ എട്ടിന് അവസാനിക്കും.അതേസമയം, ഡോ.അരുണയ്ക്കൊപ്പം, ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, രഞ്ജിനി കെ.വി എന്നിവരെയും സസ്പെൻഡ് ചെയ്തതിനെതിരെ ഗവ.നഴ്സ്‌സ് യൂണിയൻ മെഡിക്കൽ കോളേജിന് മുന്നിൽ 17വരെ റിലേ നിരാഹാരം ആരംഭിച്ചു.

'മെഡിക്കൽ കോളേജാശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവം ദൗർഭാഗ്യകരമാണ്. അതിനിടയാക്കിയ സാഹചര്യം കണ്ടെത്താതെ, ആത്മാർത്ഥമായി ജോലി ചെയ്യുന്നവർക്കെതിരായ നടപടി ഇരട്ടു കൊണ്ട് ഓട്ടയടയ്‌ക്കലാണ്.'

- ഡോ.നിർമ്മൽ ഭാസ്‌കർ

ജനറൽ സെക്രട്ടറി

കെ.ജി.എം.സി.ടി.എ