
നെടുമങ്ങാട് : ആശുപത്രികളിൽ സൗജന്യ ചികിത്സ ഉൾപ്പെടെ നിരവധി സർക്കാർ ആനുകൂല്യങ്ങൾക്ക് ആദിവാസി കുടുംബങ്ങൾ ഹാജരാക്കേണ്ട ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം അവതാളത്തിൽ. പട്ടിക വർഗക്കാർക്ക് വിവിധ വകുപ്പുകളിൽ നിന്ന് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റിന് പകരം സർക്കാർ ഏർപ്പെടുത്തിയ തിരിച്ചറിയൽ കാർഡ് സംവിധാനമാണ് അനിശ്ചിതത്വത്തിലായത്. കേരള സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ഡിജിറ്റൽ കാർഡ് തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയെങ്കിലും എല്ലാ കുടുംബങ്ങൾക്കും കാർഡ് ലഭിച്ചില്ലെന്നാണ് പരാതി. തലസ്ഥാനത്ത് ആദിവാസി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിൽ വിരലിൽ എണ്ണാവുന്നവർക്ക് മാത്രമേ കാർഡ് ലഭിച്ചിട്ടുള്ളൂ. ആകെ 1.20 ലക്ഷം കുടുംബങ്ങൾക്ക് ഡിജിറ്റൽ കാർഡ് നല്കുന്നതിനാണ് കെൽട്രോണുമായി സർക്കാരിന്റെ കരാർ. 76.04 ലക്ഷം രൂപ കാർഡ് വിലയായി ബന്ധപ്പെട്ടവർ കൈപ്പറ്റിയിട്ടുണ്ട്. എന്നാൽ, എട്ടു വർഷത്തിനിടയിൽ 52,477 കാർഡുകൾ നിർമ്മിച്ചു നൽകിയ കരാറുകാർ ഇപ്പോൾ കൈയൊഴിഞ്ഞ മട്ടാണ്. 67,523 കാർഡുകൾ കൂടി തയ്യാറാക്കി വിതരണം ചെയ്യേണ്ടതുണ്ട്. കാലാവധി കഴിഞ്ഞിട്ടും കരാർ ഉടമ്പടി പാലിക്കാത്തതിനാൽ മുഖ്യമന്ത്രി ഇടപെട്ട് നിർമ്മിച്ചു നൽകാത്ത കാർഡിന്റെ വിലയായ 43.66 ലക്ഷം രൂപ തിരികെ അടയ്ക്കാൻ നിർദേശം നല്കിയതായാണ് വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നത്. 2012 -13 സാമ്പത്തിക വർഷത്തിൽ ഏർപ്പെടുത്തിയ ഏകീകൃത കാർഡ് വിതരണമാണ് ഇപ്പോഴും ലക്ഷ്യമില്ലാതെ നീളുന്നത്.
ഏകീകൃത കാർഡ്
ആദിവാസി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകൾ നടപ്പാക്കുന്ന പദ്ധതികൾ ഫലപ്രദമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും പോരായ്മകൾ പരിഹരിക്കുന്നതിനുമുള്ള മോണിട്ടറിംഗ് സംവിധാനം എന്ന നിലയിലാണ് സർക്കാർ ഏകീകൃത തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തിയത്. ട്രൈബൽ വിഭാഗത്തിലെ വിവിധ ഉപജാതികളെ ഏകോപിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു. ഉപരിപഠനം,വിദ്യാഭ്യാസ ആനുകൂല്യങ്ങൾ,മെഡിക്കൽ,എൻജിനിയറിംഗ് കോഴ്സുകളിൽ പ്രവേശനം, വിവാഹ ആനുകൂല്യങ്ങൾ തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്കെല്ലാം ആദിവാസികൾ സമർപ്പിക്കേണ്ട സുപ്രധാന തിരിച്ചറിയൽ രേഖയുടെ വിതരണമാണ് തകിടം മറിഞ്ഞത്. ജില്ലയിലെ ആദിവാസി സങ്കേതങ്ങളായ പേപ്പാറ, കല്ലാർ, പൊന്മുടി,ബോണക്കാട്, ഞാറനീലി, ചെമ്മൻകാല, പൊടിയക്കാല, അമ്പൂരി, മടത്തറ, കുറ്റിച്ചൽ, വാമനപുരം എന്നിവിടങ്ങളിലെ കുടുംബങ്ങൾക്ക് ഏകീകൃത കാർഡ് ഇപ്പോഴും സ്വപ്നമാണ്.