
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി.
അന്വേഷണ ചുമതലയുണ്ടായിരുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡി. എം.ഇ) റംലാ ബീവി ഇ-മെയിലായി വകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഡയ്ക്കാണ് റിപ്പോർട്ട് നൽകിയത്. സസ്പെൻഷനിലായ ഡോ.അരുണയുടെയും മറ്റു ഹെഡ് നഴ്സുമാരുടെയും ഭാഗം ഇന്നലെ ചോദിച്ചറിഞ്ഞിരുന്നു. ഡി.എം.ഇയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ സസ്പെൻഷൻ. എന്നാൽ, നടപടിക്കെതിരെ ഡോക്ടർമാരും നഴ്സുമാരും ഒന്നടങ്കം രംഗത്തെത്തിയതോടെ ഡി.എം.ഇയും പ്രതിസന്ധിയിലായി. സമരം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഉടൻ റിപ്പോർട്ട് വേണമെന്ന് സർക്കാർ ആവശ്യപ്പെടുകയായിരുന്നു. നടപടിയ്ക്ക് വിധേയരായവർ കുറ്റക്കാരല്ലെന്ന് വിലയിരുത്തലുണ്ടായേക്കും. ആരുടെ വീഴ്ചയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം റിപ്പോർട്ടിലുണ്ടാകുമോയെന്ന് വ്യക്തമല്ല.