b

തിരുവനന്തപുരം: യാത്രക്കാർ ആവശ്യപ്പെടുന്നയിടത്ത് നിറുത്തുന്ന പുതിയ കെ.എസ്.ആർ.ടി.സി അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകൾക്ക് ഒടുവിൽ പേരിട്ടു 'ജനത'. ഡുണ്ടു,​ ബോസ്,​ മുത്ത്,​ ആരോമൽ,​ മന്ദാഗിനി,​ സൗകര്യ,​ സഞ്ചാരി,​ വാമനൻ,​ ചങ്ക്,​ ആനക്കുട്ടൻ... ഇങ്ങനെ ജനങ്ങൾ നിർദ്ദേശിച്ച തൊള്ളായിരത്തോളം പേരുകളിൽ നിന്നാണ് ജനത തിരഞ്ഞെടുത്തത്. ബിജു പ്രഭാകർ എം.ഡിയായ ശേഷം നടപ്പിലാക്കിയ ഈ സർവീസുകൾക്ക് ഉചിതമായ പേരു നിർദ്ദേശിക്കാൻ യാത്രക്കാരോടു ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. നൂറോളം പേരാണ് ജനത എന്ന പേര് നിർദ്ദേശിച്ചത്. ബസിന്റെ ഔദ്യോഗിക പേരിടൽ കർമം നാളെ മുഖ്യമന്ത്രി പിണറായി വിജൻ നിർവഹിക്കും. പുതിയ ബസ് സ‌ർവീസിന് തയ്യാറാക്കിയ ലോഗോയും അദ്ദേഹം പ്രകാശനം ചെയ്യും. ഇപ്പോൾ 93 സർവീസുകളാണ് അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയായി നടത്തുന്നത്. അത് 150 ആക്കാനാണ് തീരുമാനം.