patti

തിരുവനന്തപുരം: സംഗീത നാടക അക്കാഡമിയിലെ അവഗണനയെ തുടർന്ന് ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പട്ടികജാതി മോർച്ച സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണനെതിരെ നടന്നത് സർക്കാർ സ്‌പോൺസർ ചെയ്ത ദലിത് പീഡനമാണെന്നും സംഭവത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും പി. സുധീർ ആരോപിച്ചു.

അക്കാഡമിക്ക് മുന്നിൽ ദിവസങ്ങളോളം രാമകൃഷ്ണൻ സമരം ചെയ്തിട്ടും ഇടപെടാൻ മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയും തയ്യാറായില്ല. ഇത് പട്ടികജാതിക്കാരനെ മാറ്റിനിറുത്തിയുള്ള അയിത്താചരണമാണ്. കെ.പി.എ.സി ലളിതയേയും രാധാകൃഷ്ണൻ നായരെയും ഭരണസമിതിയിൽ നിന്ന് പുറത്താക്കി അവർക്കെതിരെ കേസെടുക്കണമെന്നും സുധീർ ആവശ്യപ്പെട്ടു. പട്ടികജാതി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സ്വപ്നജിത്ത്, വൈസ് പ്രസിഡന്റ് സന്ദീപ് കുമാർ, ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ്, മുട്ടത്തറ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.