photo

നെടുമങ്ങാട്: മാതാ അമൃതാനന്ദമയിയുടെ ജന്മദിനത്തിൽ നിർദ്ധന യുവതിക്കും പറക്കമുറ്റാത്ത കുരുന്നുകൾക്കും കൈത്താങ്ങായി നെടുമങ്ങാട് അമൃതകൈരളി വിദ്യാഭവൻ അദ്ധ്യാപകരുടെ മാതൃക. വലിയമലയ്ക്കടുത്ത് കന്നുകാലി വനത്തിൽ ഗൃഹനാഥൻ ഉപേക്ഷിച്ചു പോയ യുവതിക്കും കുഞ്ഞുങ്ങൾക്കും പഠനോപകരണങ്ങൾ, പുതുവസ്ത്രങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ വസതിയിൽ എത്തിച്ചു കൊടുത്താണ് അദ്ധ്യാപകർ മാതൃകയായത്. വൃദ്ധ പിതാവിന്റെ വിയോഗ ശേഷം രോഗിയായ അമ്മയ്‌ക്കൊപ്പമാണ് യുവതിയും മക്കളും കഴിയുന്നത്. വിജനമായ സ്ഥലത്ത് വൈദ്യുതി കണക്ഷൻ പോലുമില്ലാത്ത വീട്ടിൽ എൽ.പി വിദ്യാർത്ഥികളായ മക്കളുടെ പഠനം വഴിമുട്ടിയിരുന്നു. ടെലിവിഷനോ മൊബൈൽ ഫോണോ ഇല്ല. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് വൈദ്യുതി ലഭിച്ചെങ്കിലും കുട്ടികളുടെ പഠനം ചോദ്യചിഹ്നമായി തുടർന്നു. വിവരം അറിഞ്ഞ് അമൃതകൈരളി വിദ്യാഭവനിലെ അദ്ധ്യാപിക എസ്. ബൈജു സരസ്വതിയും സഹപ്രവർത്തകരും ചേർന്ന് സമാഹരിച്ച പഠനോപകരണങ്ങളും നിത്യോപയോഗ സാമഗ്രികളുമാണ് വീട്ടിൽ എത്തിച്ചു കൊടുത്തത്. വാർഡ് കൗൺസിലർ ലളിത, അദ്ധ്യാപിക എസ്.ബൈജു സരസ്വതി, സ്കൂൾ ജീവനക്കാരി ഉഷ എന്നിവർ പങ്കെടുത്തു.