chikilsa
പെർള നവജീവൻ സ്‌പെഷ്യൽ സ്കൂളിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള ചികിത്സയും സഹായവും പെർള നവജീവൻ സ്‌പെഷ്യൽ സ്കൂളിൽ ഭക്ഷണ സാധനങ്ങൾ ഒരുക്കുന്ന സിസ്റ്റർമാർ

കാസർകോട്: എൻഡോസൾഫാൻ ബാധിതർക്കായി അതിർത്തി പ്രദേശമായ പെർളയിൽ സഹായ പ്രവാഹം. ആനുകൂല്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പ്രാമുഖ്യം നൽകിയാണ് ചെക്ക്പോസ്റ്റിന് സമീപത്തെ 'നവജീവന'യുടെ ഇടപെടൽ. എൻമകജെ,പുത്തിഗെ, ബദിയടുക്ക, കുമ്പള തുടങ്ങിയ പഞ്ചായത്തുകളിൽപ്പെട്ട 60 എൻഡോസൾഫാൻ ദുരിതബാധിതർക്കാണ് സഹായം.

കൊവിഡ് വ്യാപന കാലത്തെ സഹായ ഹസ്തം ദുരിതബാധിതരുടെ ഹൃദയത്തോളം നീളുകയാണ്. 2017 ൽ ആറു കുട്ടികളുമായി തുടങ്ങിയ സ്‌പെഷ്യൽ സ്കൂളിൽ രണ്ടു വയസ് മുതൽ 30 വയസുവരെയുള്ള 60 ദുരിതബാധിതരുണ്ട്. പഠനം, ചികിത്സ, ഭക്ഷണം എന്നിവ നൽകുന്നതോടൊപ്പം സ്വയം തൊഴിലും പഠിപ്പിക്കുന്നു.

കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും സഹായിക്കുന്നു. 18 വയസ് തികഞ്ഞ കുട്ടികളുടെ പേരിൽ പെർള തപാൽ ഓഫീസിൽ അക്കൗണ്ടും തുടങ്ങി. വർഷം 10000 രൂപ അതിൽ നിക്ഷേപിക്കുകയാണ് ലക്ഷ്യം. കൊവിഡ് ലോക്ക് ഡൗൺ ആയതോടെ ദുരന്ത മേഖലയിൽ കൂടുതൽ സഹായ പ്രഖ്യാപനവുമായി മനുഷ്യസ്നേഹികളായ ഒരുകൂട്ടം ആളുകളുടെ നേതൃത്വത്തിൽ നവജീവന രംഗത്തുവരികയായിരുന്നു. അന്നുമുതൽ നിരവധിയായ പ്രവർത്തനങ്ങൾ നടത്തുന്നു.

ദുരന്തമേഖലയിൽ വേദനയനുഭവിക്കുന്ന 50 കുടുംബങ്ങൾക്ക് എല്ലാമാസവും ഭക്ഷണ കിറ്റ് എത്തിക്കും. അസുഖം വന്നാൽ ചികിത്സക്ക് ആവശ്യമായ മരുന്നും പണവും നൽകും. വ്യത്യസ്തങ്ങളായ പഠന സഹായങ്ങൾ ഫിസിയോതെറാപ്പി ഉപകരണങ്ങൾ, വീട് നിർമ്മാണത്തിന് ആവശ്യമായ സഹായങ്ങളും നൽകും. ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് ഉൾപ്പെടെ 15 അംഗ സംഘമാണ് കുട്ടികൾക്ക് വേണ്ടി ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. എൻഡോസൾഫാൻ ദുരന്തമേഖലയിൽ ഇതുവരെ കാണാത്ത മാതൃകയാണ് പെർളയിലേത്.

ഓരോ ദിവസവും സഹായങ്ങൾ തേടി നിരവധി പേർ ഇവിടെ എത്തുകയാണ്. ഫാദർ ജോസ് ചെമ്പുകെട്ടിക്കൽ, ഫാദർ ബിനു പുതുശ്ശേരി, സിസ്റ്റർമാരായ മാർഗ്രറ്റ് മേരി, മേഴ്‌സിൻ, മരീന എന്നിവരാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്. മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർബർടൈൻ സന്യാസ സമൂഹം എഫ്.സി.സി സന്യാസിനീ സമൂഹത്തിന്റെ തലശ്ശേരി പ്രൊവിൻസും സംയുക്തമായാണ് നേതൃത്വം നൽകുന്നത്.

ഒരു വർഷം 30 ലക്ഷം രൂപയാണ് ഈ കാരുണ്യപ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ അവസ്ഥയിൽ ദയ തോന്നി പലരും ഞങ്ങളെ സഹായിക്കുന്നുണ്ട്. സർക്കാരിൽ നിന്ന് കിട്ടേണ്ടുന്ന ആനുകൂല്യങ്ങളും സർട്ടിഫിക്കറ്റുകളുമെല്ലാം വാങ്ങികൊടുക്കുന്നതിനും പരിശ്രമിക്കുന്നുണ്ട്.

ഫാദർ ജോസ് ചെമ്പുകെട്ടിക്കൽ