തിരുവനന്തപുരം: വയനാട്ടിലെ മാനന്തവാടിയിൽ റേഷനരി കടത്തി പായ്ക്കറ്റുകളിലാക്കി വിപണിയിലെത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ പങ്കുണ്ടെന്നു കരുതുന്ന സിവിൽ സപ്ലൈസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും.ഉദ്യോഗസ്ഥരുടെ കൃത്യവിലോപം ചൂണ്ടിക്കാട്ടി ഭക്ഷ്യകമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. മന്ത്രി പി.തിലോത്തമൻ വ്യക്തമായ അന്വേഷണ റിപ്പോർട്ട് സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി.കുമാറിനോടും സപ്ളൈകോ സി.എം.ഡി അലി അസ്ഗർ പാഷയോടും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും.
കെല്ലൂരിലെ ഡിപ്പോ മാനേജരെയും ഓഫീസ് ഇൻ ചാർജിനെയും ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. വിജിലൻസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
സെപ്തംബർ 30ന് മാനന്തവാടി കെല്ലൂരിലെ സിവിൽ സപ്ലൈസ് ഗോഡൗണിൽനിന്നു റേഷൻ കടകളിലേക്ക് കൊണ്ടുപോയ അരിയാണ് പണി പൂർത്തിയാകാത്ത വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവയ്ക്കുകയായിരുന്നു. സപ്ലൈകോയുടെ ലേബലുള്ള 64 ചാക്ക് അരിയും വിദേശ ലേബലുള്ള 25 കിലോ അടങ്ങുന്ന 242 ചാക്ക് അരിയും ഒഴിഞ്ഞ ചാക്കുകളും സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ കെല്ലൂരിലെ നാൽപതാം നമ്പർ റേഷൻ കടയും ദ്വാരകയിലെ മുപ്പത്തഞ്ചാം നമ്പർ കടയും സസ്‌പെൻഡു ചെയ്തിരുന്നു.