
നിയമവ്യവസ്ഥയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന പ്രവൃത്തികൾ ആരിൽ നിന്നുണ്ടായാലും അത് ഗൗരവമർഹിക്കുന്നതാണ്. ഉന്നത നീതിപീഠത്തെപ്പറ്റിയുള്ള വ്യക്തിഗത വിമർശനങ്ങൾ പല ഭാഗങ്ങളിൽ നിന്നും ഉയർന്നു തുടങ്ങിയിട്ട് കുറേക്കാലമായി. ആദ്യം ചിന്തിക്കേണ്ടത് എന്തുകൊണ്ട് ഇത്തരം വിമർശനങ്ങൾ കൂടി വരുന്നു എന്നതാണ്. നീതിപീഠത്തിന്റെ വിശ്വാസ്യതയുടെ കാര്യത്തിലായാലും കൊളീജിയം തിരഞ്ഞെടുപ്പിന്റെ കാര്യത്തിലായാലും ഒരു ആത്മപരിശോധന കൂടിയേ കഴിയൂ.
ജഡ്ജിമാരെന്നാൽ ഈഗോയില്ലാത്ത ആദർശവാന്മാരായിരിക്കണമെന്നാണ് സങ്കല്പപം. അവരും മനുഷ്യരാണെന്ന് അംഗീകരിക്കുന്നതിനൊപ്പം തന്നെ മദ, മാൽസര്യ, ലോഭങ്ങൾ ഒരു പരിധിവരെ അകറ്റി നിറുത്താൻ കഴിവുള്ളവരുമായിരിക്കണം. ന്യായാധിപർക്ക് തീരുമാനങ്ങളിൽ ദൃഢത വേണം, പക്ഷേ, അവർ കർക്കശക്കാർ ആകാൻ പാടില്ല. ഏതൊരു നിയമത്തിനും അടിസ്ഥാനമായ ഭരണഘടനപോലും മാറ്റം വരുത്താൻ പാകത്തിന് തയ്യാറാക്കപ്പെട്ടിട്ടുള്ളതാണ്. തീരുമാനങ്ങൾ ദൃഢമാകുമ്പോഴും അത് മാറ്റാനാകാത്തതാണെന്ന കാർക്കശ്യം ആർക്കും ഉണ്ടാകാൻ പാടില്ല.
ഒരു വ്യക്തിയെ, അത് ജഡ്ജിയോ, ഭരണ തലപ്പത്തെ സെക്രട്ടറിയോ, മന്ത്രിമാരോ മറ്റു ജനപ്രതിനിധികളോ ആരുമാകട്ടെ, വിമർശനവും കുറ്റപ്പെടുത്തലും ആരോപണവും നേരിട്ടു ബാധിച്ചു എന്നു കണ്ടുകഴിഞ്ഞാൽ ആരോപണ വിധേയനായ ആൾ സ്വയം ഒരു ഈറ്റപ്പുലിയോ ഗർജ്ജിക്കുന്ന സിംഹമോ ഒക്കെയായി മാറും. വളരെ ശാന്തതയോടെയും സമചിത്തതയോടെയും കാര്യങ്ങളെ സമീപിക്കുന്ന ഒരാളായിരിക്കണം ഉന്നത പദവി വഹിക്കുന്നവർ. ജഡ്ജിമാർ വിധി പ്രസ്താവത്തിൽ കൂടിയാണ് നീതി നടപ്പാക്കേണ്ടത്.
രാജാവിന്റെ മകനോ, ശത്രുവോ എന്ന പരിഗണനയില്ലാതെ ചെയ്ത തെറ്റിന് തക്കതായ രീതിയിൽ പക്ഷഭേദമില്ലാതെ നടപ്പാക്കുന്ന ശിക്ഷയുടെ ശക്തിയാണ് ഈ ലോകത്തെയും വരുംലോകത്തെയും സംരക്ഷിച്ചു നിറുത്തുന്നത് എന്ന് ചാണക്യനീതിയിൽ പറയുന്നുണ്ട്. ധർമരാജ്യത്തെ സംബന്ധിച്ചിടത്തോളം അവിടത്തെ ഏറ്റവും വലിയ നീതിമാനായിരിക്കണം ജഡ്ജി. ആരും നിയമത്തിന് അതീതരുമാകരുത്. നീതി നടപ്പാക്കുന്നതിന്റെ കാര്യക്ഷമതയിൽ ഏറെ പ്രധാനപ്പെട്ടതാണ് അത് നടപ്പാക്കുന്നയാളിന്റെ സത്യസന്ധതയെന്നും ചാണക്യനീതി ചൂണ്ടിക്കാട്ടുന്നു. അവർ ഒരുതരത്തിലും ധാർമിക ചുമതലകളിൽ നിന്ന് വ്യതിചലിക്കാനും പാടില്ല.
അത്തരത്തിൽ നീതിബോധമുള്ളവരായിരിക്കണം ജഡ്ജിമാർ. പൊതുസമൂഹം, പ്രത്യേകിച്ച് സാധാരണക്കാർ, പ്രതീക്ഷിക്കുന്നതും അതുമാത്രമാണ്.
ആരോപണങ്ങളുടെ ചരിത്രം
ജഡ്ജിമാർക്കെതിരായ ആരോപണങ്ങളും നീതിപീഠത്തിന്റെ സത്യസന്ധതയില്ലായ്മ ചൂണ്ടിക്കാട്ടുന്നതും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1967 നവംബർ ഒൻപതിന് വിളിച്ചുകൂട്ടിയ ഒരു പത്രസമ്മേളനത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് വളരെ ശക്തമായ ചില ആരോപണങ്ങൾ നീതിപീഠങ്ങൾക്കു നേരെ ഉയർത്തുകയുണ്ടായി. അടിച്ചമർത്താനുള്ള ഉപകരണങ്ങളിലൊന്നായി നീതിപീഠത്തെ വ്യാഖ്യാനിച്ച അദ്ദേഹം ജഡ്ജിമാർക്ക് വർഗപരമായ വിവേചനവും മുൻധാരണകളുമുണ്ടെന്നും പാവപ്പെട്ടവർക്കെതിരായി പണക്കാരെ സഹായിക്കുന്ന രീതിയുണ്ടെന്നുമൊക്കെ ആരോപിക്കുകയുണ്ടായി. ഇതേത്തുടർന്ന് ഇ.എം.എസിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കപ്പെട്ടു. തന്റെ ഭാഗം അദ്ദേഹം കൃത്യമായി വിശദീകരിച്ചുവെങ്കിലും 1000 രൂപയോ ഒരു മാസത്തെ വെറും തടവോ അനുഭവിക്കണമെന്ന് കോടതി വിധിച്ചു.
ഇതിനെതിരെ അപ്പീൽ നൽകിയ ഇ.എം.എസിനു വേണ്ടി വി.കെ. കൃഷ്ണമേനോനാണ് കോടതിയിൽ വാദിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലേയുള്ള കടന്നുകയറ്റമായല്ലാതെ ഇതിനെ കാണാനാകില്ലെന്ന് കൃഷ്ണമേനോൻ വാദിച്ചു. ജഡ്ജിമാർ അവരവരുടെ സാഹചര്യങ്ങളുടെ ഉത്പന്നങ്ങളാണെന്നും അതിന്റെ സ്വാധീനം അവർക്കു മീതേ ഉണ്ടാകുമെന്നും കൃഷ്ണമേനോൻ ചൂണ്ടിക്കാട്ടി. അവരും മറ്റുള്ളവരെപ്പോലെ മനുഷ്യരാണ്. പക്ഷേ, തങ്ങൾ എടുത്തിട്ടുള്ള പ്രതിജ്ഞയുടെ സത്തക്കു വിപരീതമായി ബോധപൂർവ്വം ഒരു നിലപാടെടുക്കാൻ പാടില്ലെന്നായിരുന്നു കൃഷ്ണമേനോന്റെ വാദം. എന്തായാലും ശക്തമായ വാദങ്ങൾക്കൊടുവിൽ ഇ.എം.എസിനെതിരായ ശിക്ഷ അൻപതു രൂപ പിഴയോ ഒരാഴ്ചത്തെ വെറും തടവോ എന്ന രീതിയിൽ ഇളവുചെയ്തുകൊടുക്കാൻ കോടതി നിർബന്ധിതമായി.
ജനങ്ങൾക്കുള്ള വിശ്വാസം
ജനാധിപത്യത്തിന്റെ നെടുംതൂണ് ജനങ്ങൾക്ക് നീതിന്യായ സംവിധാനത്തിലുള്ള ദൃഢവിശ്വാസവും ഉറപ്പും ആധാരമാക്കിയാണ്. ഇത് വ്യാപരിക്കുന്നത് വിധിന്യായത്തിന്റെ വ്യാഖ്യാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ്. വിരമിച്ചശേഷം ജഡ്ജിമാർ നീതിപീഠത്തെപ്പറ്റി അഭിപ്രായങ്ങൾ പറയുന്നത് നീതിപീഠത്തിന്റെ കാര്യപ്രാപ്തിയെപ്പറ്റി പൊതുസമൂഹത്തിൽ സംശയമുളവാക്കാനേ സഹായിക്കൂ. ആളും അർഥവും ഉണ്ടെങ്കിൽ തങ്ങളുടെ സ്വാർത്ഥതാത്പര്യത്തിൽ ആരെയും കീഴ്പ്പെടുത്താമെന്ന അവസ്ഥ രാഷ്ട്രീയത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലും നീതിന്യായ സംവിധാനത്തിലായാലും ഉണ്ടാകാൻ പാടില്ല. വിരമിച്ചശേഷം മോഹഭംഗം വന്ന ചില ഉദ്യോഗസ്ഥർ വിലപിക്കുംപോലെ ജഡ്ജിമാർ വിരമിച്ചശേഷം പൊതുവേദിയിൽ അഭിപ്രായം പറയുന്നത് ജനങ്ങൾക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസ്യതയ്ക്ക് ഇളക്കം തട്ടിക്കും.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, ചില ദശാബ്ദങ്ങളിലെങ്കിലും ജഡ്ജിമാർ പൊതുസമൂഹത്തിൽ വന്ന് അഭിപ്രായങ്ങൾ വിളിച്ചുപറയുന്നതിൽ സ്വയം നിയന്ത്രണം ഉണ്ടായിരുന്നു. ഉറക്കെ വിളിച്ചുപറയുന്ന അഭിപ്രായങ്ങളും അവർ അധികാരത്തിലിരുന്നപ്പോൾ നടത്തിയ വിധിന്യായങ്ങളും താരതമ്യം ചെയ്ത് പൊതുജനം ജഡ്ജിമാരെ വ്യക്തിഗതമായ സംശയത്തിന്റെ പ്രതിക്കൂട്ടിൽ നിറുത്താതിരിക്കാൻ അത് സഹായിക്കുമായിരുന്നു. ജഡ്ജിമാർ സംസാരിക്കുന്നത് വിധിന്യായത്തിലൂടെയാണ്. വിരമിച്ചശേഷം അവർ നടത്തുന്ന പ്രസംഗങ്ങൾ നേരത്തേ അവർ നടത്തിയ വിധിന്യായങ്ങളെ സംശയത്തിന്റെ മുനയിൽ നിറുത്തുന്നരീതിയിലാകരുത്.
കോടതികളും ജഡ്ജിമാരും ഒരിക്കലും വിമർശനത്തിന് അതീതരല്ല. ഏതെങ്കിലും തരത്തിൽ ജഡ്ജിമാർക്കെതിരെയോ അവരുടെ വിധിന്യായങ്ങൾക്കെതിരെയോ അഭിപ്രായങ്ങൾ ഉയരുമ്പോൾ അതിനെ കോടതിയലക്ഷ്യമായി ചിത്രീകരിക്കുന്നത് ശരിയായ പ്രവണതയുമല്ല. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ഉപവകുപ്പിൽ ചില നിയന്ത്രണങ്ങൾ പറയുന്നുണ്ടെങ്കിലും കോടതിയലക്ഷ്യം ഭയന്ന് ഒരാൾ വിധിമേൽ അഭിപ്രായം പറയുന്നതിനെ പേടിക്കണമെന്ന് അതിനർത്ഥമില്ല.
ജഡ്ജിമാർക്കെതിരെ വ്യക്തിപരമായി ഒരാൾ ഒരഭിപ്രായ പ്രകടനം നടത്തിയാൽ അതിനെ കോടതിയലക്ഷ്യമായി കാണുന്ന പ്രവണത ഇന്ന് രാജ്യത്തുണ്ട്. വിമർശനങ്ങളെ അതിന്റെ ഗൗരവത്തോടെ ഉൾക്കൊള്ളാൻ സാധിക്കുകയും അവയെ കോടതിയലക്ഷ്യത്തിന്റെ കെണിയിലിട്ട് ഇല്ലാതാക്കാതിരിക്കുകയും ചെയ്താൽ മാത്രമേ ജനങ്ങൾക്ക് നീതിയുക്തമായ ഒരു ജീവിതം സാദ്ധ്യമാകുകയുള്ളു.
ചുരുക്കത്തിൽ, നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയും അഭിമാന സംരക്ഷണവും ജഡ്ജിമാരുടെ കൈയിൽതന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിന് പൊതുജനങ്ങളെയോ വക്കീലുമാരെയോ മാദ്ധ്യമപ്രവർത്തകരെയോ രാഷ്ട്രീയക്കാരെയോ ഒന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മൂല്യാധിഷ്ഠിത നിയമ വിദ്യാഭ്യാസം ആദ്യമേ ലഭിച്ചവർക്ക് മാത്രമേ ഈ പദവിയിൽ ശോഭിക്കാനും കേടുപറ്റാതെ പുറത്തുവരാനും സാധിക്കൂ.
(ഫാക്ട് മുൻ സി.എം.ഡിയാണ് ലേഖകൻ)